താഗത നിയമലംഘനത്തിനുള്ള ശിക്ഷ പല മടങ്ങായി വര്‍ധിപ്പിച്ചുള്ള മോട്ടോര്‍ വാഹന ഭേദഗതില്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചു.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ, മദ്യപിച്ചു വാഹനമോടിച്ചാല്‍ 10,000 രൂപ, ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ആയിരംരൂപയും മൂന്നുമാസം ലൈസന്‍സ് റദ്ദാക്കലും അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയാല്‍ രണ്ടായിരം രൂപ, സീറ്റു ബെല്‍റ്റില്ലെങ്കില്‍ ആയിരം രൂപ എന്നിങ്ങനെയാണ് ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ശിക്ഷാ വ്യവസ്ഥകള്‍. അപകടകരമായി വാഹനമോടിച്ചാല്‍ 5000 രൂപയായിരിക്കും പിഴ. ഇപ്പോഴിത് ആയിരം രൂപയാണ്.

ഗതാഗതവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഇനി രണ്ടായിരംരൂപ പിഴയൊടുക്കണം. ഇപ്പോള്‍ അഞ്ഞൂറു രൂപയാണു പിഴ. പ്രായപൂര്‍ത്തിയാകാത്തവര്‍ നിയമലംഘനം നടത്തിയാല്‍ രക്ഷാകര്‍ത്താവോ വണ്ടിയുടമയോ കുറ്റക്കാരാകും. രജിസ്ട്രേഷന്‍ റദ്ദാക്കലിനു പുറമെ കാല്‍ലക്ഷംരൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. ആംബുലന്‍സിനു വഴിമാറിയില്ലെങ്കില്‍ പതിനായിരം രൂപ പിഴയുണ്ടാകും.

ചട്ടലംഘനം നടത്തി അയോഗ്യത കല്പിക്കപ്പെട്ട സമയത്ത് അതുലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതിവേഗത്തിനുള്ള പിഴ ആയിരത്തില്‍നിന്ന് രണ്ടായിരമായി കൂട്ടും. വാഹനാപകടത്തില്‍ മരിച്ചാല്‍ അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാല്‍ രണ്ടര ലക്ഷവും നഷ്ടപരിഹാരം നല്‍കാനാണ് ബില്ലിലെ ശുപാര്‍ശ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലാവധി ഒരു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായും ഉയര്‍ത്തി.

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ബില്ലെന്ന് അവതരണവേളയില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍, 18 സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയെന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വിശദീകരിച്ചു. സുരക്ഷ വര്‍ധിപ്പിക്കാനും റോഡപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണു ബില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ കടമ്പ കടക്കാത്തതിനാല്‍ തിങ്കളാഴ്ച വീണ്ടും അവതരിപ്പിക്കുകയായിരുന്നു.

Content Highlights: Central Government Revised The The Penalties For Traffic Rule Violations. Rs 10,000 Fine For Drunk and Drive, Rs 5000 For Drive Without Licence.