പാലിയേക്കര ടോൾ പ്ലാസ | ഫോട്ടോ: മാതൃഭൂമി
രാജ്യത്തെ ടോള്സംവിധാനത്തില് അടിമുടി പരിഷ്കാരവുമായെത്തിയ ഫാസ്ടാഗിന് അന്ത്യമാവുന്നു. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) വഴി വാഹനങ്ങളില്‍നിന്ന് ടോള്‍ ഈടാക്കാനുള്ള പരീക്ഷണപദ്ധതി ഇന്ത്യയില്‍ തുടങ്ങി. 1.37 ലക്ഷം വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിച്ചു. ഇതു വിജയമായാല്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കേന്ദ്ര ഗതാഗതമന്ത്രാലയം ഒരുങ്ങുന്നത്.
ഇതിനുള്ള പഠനറിപ്പോര്‍ട്ട് റഷ്യയില്‍നിന്നും ദക്ഷിണ കൊറിയയില്‍നിന്നുമുള്ള വിദഗ്ധര്‍ തയ്യാറാക്കിത്തുടങ്ങിയതായും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്നും ഗതാഗതമന്ത്രാലയവൃത്തങ്ങള് പറഞ്ഞു. ജി.പി.എസ്. ടോള്‍പിരിവ് വരുന്നതോടെ റോഡുകളിലെ ടോള്‍ബൂത്തുകളും ഇല്ലാതാവും. ഇതിന് ഗതാഗത നയത്തിലടക്കം ഭേദഗതി വരുത്തേണ്ടതിനാല്‍ പൂര്‍ണമായി നടപ്പാക്കാന്‍ രണ്ടോ മൂന്നോ വര്‍ഷമെങ്കിലും വേണ്ടിവരും.
രാജ്യത്ത് 2023-ഓടെ ജി.പി.എസ്. സംവിധാനം വഴി ടോള്‍പിരിവ് നടപ്പാക്കുമെന്ന് 2020 ഡിസംബറിലാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. ഇതിനുള്ള നയങ്ങള്‍ 2021 നവംബറോടെ തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, പദ്ധതി ഒരുവര്‍ഷംകൂടി വൈകുമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കൊണ്ടുവന്ന ജി.പി.എസ്. വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റമാണ് വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ളത്.
മറ്റു രാജ്യങ്ങളില്‍
ജര്‍മനിയില്‍ ഇപ്പോള്‍ 98.8 ശതമാനം വാഹനങ്ങളിലും ജി.പി.എസ്. സംവിധാനംവഴിയാണ് ടോള്‍പിരിവ്. ദക്ഷിണ കൊറിയ, ജപ്പാന്, നോര്‍വേ രാജ്യങ്ങളും സമാനസംവിധാനം നടപ്പാക്കി. ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനം നടപ്പാക്കാന്‍ ജി.പി.എസ്. അധിഷ്ഠിത ജിയോ ഫെന്‍സ് ഒരുക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്വന്തം ജിയോ പൊസിഷനിങ് സംവിധാനം(NaviC) ഈയിടെ ജി.പി.എസിനെക്കാള്‍ കൃത്യമായ ലൊക്കേഷന്‍ ഡേറ്റ വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതുപയോഗിക്കുമോ എന്നു വ്യക്തമല്ല.
വെല്ലുവിളികള്‍
നിലവില്‍ ടോള്‍ബൂത്തുകളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഫാസ്ടാഗ് ടോള്‍ സൗജന്യമാണ്. ഇത് എങ്ങനെ ജി.പി.എസില്‍ ഉള്പ്പെടുത്തുമെന്നതടക്കമുള്ള ചെറിയ പ്രശ്നങ്ങളില്‍ പരിഹാരം കാണേണ്ടതുണ്ട്.
നിലവില്‍ ഫാസ്ടാഗിലെ പണം പ്രത്യേകമായാണ് ബാങ്കുകള്‍ ഈടാക്കുന്നത്. ഇത് നേരിട്ടാകുമ്പോള്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കേണ്ടതുമുണ്ട്.
Content Highlights: central government planning to implement gps based toll collection in highways, Fastag, Toll Booth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..