സ്വകാര്യവാഹനങ്ങളുടെ റോഡ് നികുതി ഏകീകരിക്കാനുള്ള കേന്ദ്രതീരുമാനത്തില്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ നികുതിനഷ്ടം. റോഡ് നികുതിയില്‍ വര്‍ഷം 1300 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമികനിഗമനം. രാജ്യവ്യാപകമായി കേന്ദ്രീകൃത വാഹനരജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തി റോഡ് നികുതി ഏകീകരിക്കാനാണ് കേന്ദ്രനീക്കം. ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചു. ഇതില്‍ കേരളം വിയോജിപ്പ് അറിയിക്കും.

സംസ്ഥാനങ്ങള്‍ അവരവര്‍ക്ക് സൗകര്യപ്രദമായരീതിയില്‍ നികുതിയും രജിസ്ട്രേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാനാണ് കേന്ദ്രതീരുമാനം. പകരം രാജ്യവ്യാപകമായി ഐ.എന്‍. എന്ന ശ്രേണിയില്‍വരുന്ന ഏകീകൃത രജിസ്ട്രേഷന്‍സംവിധാനം വരും. ഇതോടെ ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന നികുതിവരുമാനം നഷ്ടമായേക്കും.

ആഡംബരവാഹനങ്ങള്‍ക്ക് വിലയുടെ 21 ശതമാനംവരെ സംസ്ഥാനത്ത് റോഡ് നികുതി ഈടാക്കിയിരുന്നു. ഭേദഗതി നടപ്പായാല്‍ 12 ശതമാനമായി നികുതി കുറയ്‌ക്കേണ്ടിവരും. പുതിയ വാഹനങ്ങളില്‍നിന്ന് 15 വര്‍ഷത്തേക്ക് ഒറ്റത്തവണയായി റോഡ് നികുതി ഈടാക്കുന്നതിനുപകരം രണ്ടുവര്‍ഷത്തെ നികുതിവീതം വാങ്ങാനാണ് കേന്ദ്രശുപാര്‍ശ. 10 ലക്ഷത്തില്‍ത്താഴെ വിലയുള്ള വാഹനങ്ങള്‍ക്ക് എട്ടുശതമാനവും, 10-നും 20 ലക്ഷത്തിനും ഇടയില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ 10 ശതമാനവും റോഡ് നികുതി നല്‍കിയാല്‍ മതി.

ആഡംബരവാഹനം വാങ്ങുന്നവര്‍ക്ക് നേട്ടം

ആഡംബരവാഹനങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ഭേദഗതി നേട്ടമാണ്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആഡംബരവാഹനങ്ങള്‍ക്ക് നികുതി കൂടുതലാണ്. ഏകീകൃതരജിസ്ട്രേഷന്‍ ശ്രേണിക്ക് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിര്‍ദേശിച്ച നമ്പര്‍ സംവിധാനം നിലവിലെ വാഹനപ്പെരുപ്പത്തിന് അനുയോജ്യമല്ലെന്നാണ് നിഗമനം. 

'എ എ'യില്‍ തുടങ്ങി 'ഇസഡ് ഇസഡി'ല്‍ അവസാനിക്കുന്ന ക്രമത്തില്‍ പരമാവധി 65 ലക്ഷം വാഹനങ്ങളെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക. ഇതില്‍ കൂടുതല്‍ വാഹനങ്ങള്‍ രാജ്യത്ത് ഓരോ വര്‍ഷവും നിരത്തിലിറങ്ങുന്നുണ്ട്. ഇതിനാവശ്യമായ വിധത്തില്‍ നമ്പര്‍ ക്രമീകരിക്കേണ്ടിവരും.

Content Highlights: Central Government Planning To Implement Centralized Tax For Private Vehicles