വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും നാഷണല്‍ പെര്‍മിറ്റ് നല്‍കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
നേരത്തേ, ചരക്കു വാഹനങ്ങള്‍ക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള നാഷണല്‍ പെര്‍മിറ്റ് നല്‍കിയത് വിജയകരമായിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥ ഭേദഗതിചെയ്യാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. പൊതുജനങ്ങള്‍ക്ക് ഇതില്‍ അഭിപ്രായമറിയിക്കാം.
സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും വരുമാനം വര്‍ധിക്കുന്നതിനും ഈ നീക്കം സഹായകരമാകുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. പുതിയ പദ്ധതിപ്രകാരം ടൂറിസ്റ്റ് വാഹന ഓപ്പറേറ്റര്‍ക്ക് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ഓതറൈസേഷന്‍/പെര്‍മിറ്റിനായി ഓണ്‍ലൈന്‍വഴി അപേക്ഷിക്കാം.
തുടര്‍ന്ന് ചട്ടപ്രകാരം ആവശ്യപ്പെടുന്ന ഔദ്യോഗികരേഖകളും പെര്‍മിറ്റിനായി നിര്‍ദേശിച്ചിട്ടുള്ള ഫീസും അടച്ചാല്‍ നിയമാനുസൃതമായ നിബന്ധനകള്‍ക്കുവിധേയമായി 30 ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് നല്‍കും. ഓള്‍ ഇന്ത്യ ഓതറൈസേഷന്‍/പെര്‍മിറ്റ് വേഗം ലഭിക്കുന്നതിന് ഈ പദ്ധതി സഹായകമാകും.
പെര്‍മിറ്റിന്റെ കാലാവധി മൂന്നുമാസമോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും. പരമാവധി കാലാവധി മൂന്നുവര്‍ഷം. നിലവിലെ എല്ലാ പെര്‍മിറ്റുകള്‍ക്കും അവയുടെ കാലാവധി തീരുന്നതുവരെ പ്രാബല്യമുണ്ടാകും.
Content Highlights: Central Government Planning To Give National Permit For Tourist Vehicles