
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വാഹനങ്ങള്‍ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകുമ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുന്നതിനുള്ള കരട് വ്യവസ്ഥകള്‍ കേന്ദ്ര ഗതാഗതമന്ത്രാലയം പ്രസിദ്ധീകരിച്ചു.
കേന്ദ്രസര്‍ക്കാര്‍, സ്വകാര്യമേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സ്ഥലംമാറ്റമാകുമ്പോള്‍ വാഹനങ്ങളും പുതിയ സ്ഥലത്തേക്ക് കൊണ്ടുപേകണ്ടത്. ഈ ഘട്ടത്തില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് മാറ്റല്‍ സങ്കീര്‍ണമായ പ്രക്രിയയാണെന്നും മന്ത്രാലയം വിലയിരുത്തുന്നു.
1988-ലെ മോട്ടോര്‍ വാഹന നിയമമനുസരിച്ച് ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് വീണ്ടും രജിസ്റ്റര്‍ ചെയ്യാതെ ഒരുവര്‍ഷം വരെ ഉപയോഗിക്കാം. എന്നാല്‍, ഈ കാലയളവിനുള്ളില്‍ പുതിയ രജിസ്ട്രേഷന് നടത്തിയിരിക്കണം. ഇതിനായി വാഹനത്തിന് എന്‍.ഒ.സി., റോഡ് നികുതി രേഖകള്‍ തുടങ്ങിയവ ഹാജരാക്കണം. ഇവ കാര്യമായ കാലതാമസമുണ്ടാകുന്ന പ്രക്രിയകളാണ്.
ഇതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു-സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ലളിതമായ മാര്‍ഗം ഏര്‍പ്പെടുത്തും. വാഹന നികുതി രണ്ടുവര്‍ഷത്തേക്കോ അതിന്റെ ഗുണിതമായോ വാങ്ങും.
ഇത് സ്വകാര്യവാഹനങ്ങളെ ഇന്ത്യയില്‍ എതു സംസ്ഥാനത്തേക്കും സുഗമമായി കൊണ്ടുപോകാന്‍ സഹായിക്കും. ഈ ഇളവ് ലഭിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അഞ്ചോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുണ്ടായിരിക്കണം. കരട് ചട്ടങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് 30 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാം.
Content Highlights: Central Government Planning To Ease Re Registration Process Of Vehicles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..