രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ഇന്ധനമാക്കി ഓടുന്ന വൈദ്യുതി വാഹനങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയിലും ലഡാക്കിലെ ലേയിലുമാണ് വാഹനങ്ങള്‍ ആദ്യം അവതരിപ്പിക്കുക. 

ഇതിനായി കേന്ദ്ര വൈദ്യുതമന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി.) ആഗോള താത്പര്യപത്രം ക്ഷണിച്ചു.

ആദ്യഘട്ടത്തില്‍ പത്തുവീതം ബസുകളും കാറുകളുമാണ് ഇറക്കുക. ഹൈഡ്രജന്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഇത്തരം വാഹനങ്ങള്‍ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.

ടൊയോട്ട, ഹ്യുണ്ടായി, ഹോണ്ട എന്നീ കമ്പനികള്‍ മൂന്നുവര്‍ഷംമുമ്പ് ഹൈഡ്രജന്‍ കാറുകള്‍ വിപണിയിലിറക്കിയിരുന്നു. ചൈനയില്‍ ഹൈഡ്രജന്‍ ബസുകളും ട്രാമുകളും സര്‍വീസ് തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ വെള്ളത്തില്‍നിന്ന് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ സൗകര്യവും സാധ്യതയും കൂടുതലായതിനാല്‍ എല്‍.എന്‍.ജി.യെക്കാള്‍ ലാഭകരമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

സൗരോര്‍ജം ഉപയോഗിച്ച് വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുകയും ഹൈഡ്രജന്‍ സൂക്ഷിക്കുകയുമാണ് ചെയ്യുക. കൊച്ചി റിഫൈനറിയില്‍ അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെ ഇപ്പോള്‍ത്തന്നെ ഈ സംവിധാനമുണ്ട്. പൈപ്പ്‌ലൈനിലൂടെ ഹൈഡ്രജന്‍ വിതരണ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Content Highlights: Central Government Planning To Bring Hydrogen Vehicles In India