ന്ത്യയിലെ വാഹന മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദേശമാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി. ഈ നയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത വര്‍ഷത്തോടെ ഈ പൊളിക്കല്‍ നയം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അഭ്യൂഹങ്ങള്‍.

വാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നിര്‍മാതാക്കള്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്നാണ് മന്ത്രിയുടെ ഉത്തരവില്‍ പറയുന്നത്. പഴയ വാഹനം പൊളിക്കുന്നവര്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് പൊളിക്കല്‍ നയം തയാറാക്കുന്ന സമയത്ത് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത് എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി ഏതാനും നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സംവിധാനത്തില്‍ വാഹനത്തിന്റെ ഫിറ്റ്‌നെസ് പരിശോധിച്ച ശേഷമായിരിക്കും പൊളിക്കുന്ന കാര്യം തീരുമാനിക്കുക. ഇതിനായി ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്റുറുകള്‍ ഒരുക്കണം. ഇതിനൊപ്പം ഗ്രീന്‍ ടാക്‌സ് പോലുള്ളവയും പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ടെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

പഴയ വാഹനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്ററുകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനൊപ്പം പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനും സ്വകാര്യ കമ്പനികളെയും സംസ്ഥാന സര്‍ക്കാരുകളെയും ചുമതലപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പരിശോധനയില്‍ കാര്യക്ഷമത തെളിയിക്കാന്‍ സാധിക്കാത്ത വാഹനങ്ങളായിരിക്കും തുടര്‍ നടപടികള്‍ക്ക് വിധേയമാകുക.

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള വാഹന പൊളിക്കല്‍ നയം അനുസരിച്ച് 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളുമാണ് പൊളിക്കേണ്ടി വരിക. ഇത് രാജ്യത്തെ വാഹന വിപണിയില്‍ 30 ശതമാനത്തിന്റെ കുതിപ്പുണ്ടാക്കുമെന്നാണ് മന്ത്രി വിലയിരുത്തിയത്. പൊളിക്കല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ലക്ഷകണക്കിന് വാഹനങ്ങളാണ് നിരത്തൊഴിയേണ്ടി വരിക.

Content Highlights: Central Government Offer 5% Incentive For New Vehicle Under Vehicle Scrappage Policy