വാഹനം ഓടിക്കുന്നവര്‍ക്ക് ഇനി മുതല്‍ എറണാകുളം ആര്.ടി. ഓഫീസില്‍ നിന്ന് ലഭിക്കുക കേന്ദ്ര സര്‍ക്കാരിന്റെ ഡ്രൈവിങ് ലൈസന്‍സ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ലൈസന്‍സിനായി അപേക്ഷിക്കുന്ന 'സാരഥി' പദ്ധതി എറണാകുളം ആര്.ടി. ഓഫീസിലും ആരംഭിച്ചു.
നിലവില്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നല്കുന്ന ഡ്രൈവിങ് ലൈന്‍സ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെയും വാഹനം ഓടിക്കാമെങ്കിലും പുതിയ പദ്ധതി വന്നതോടെ ലൈസന്‍സ് നല്‍കുന്നത് കേന്ദ്ര സര്ക്കാരാകുമെന്നതാണ് പ്രത്യേകത.
രാജ്യത്താകെ വാഹന ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളാണ് 'വാഹന്‍', 'സാരഥി' എന്നിവ. 'വാഹന്‍' വാഹന രജിസ്ട്രേഷനും 'സാരഥി' ഡ്രൈവിങ് ലൈസന്‍സുമാണ്. ഇതില്‍ 'സാരഥി'യാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചത്.
ആറുതരം സുരക്ഷാസംവിധാനമാണ് പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സിനുള്ളത്. ക്യു.ആര്. കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യു.വി. എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ എന്നിവ അടങ്ങിയതാണ് സുരക്ഷാ സംവിധാനങ്ങള്‍. വ്യക്തിയുടെ മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇളംമഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ ലയിപ്പിച്ച മനോഹരമായ ഡിസൈനാണ് ലൈന്സിനുള്ളത്. 'ഇന്ത്യന്‍ യൂണിയന് ഡ്രൈവിങ് ലൈസന്‍സ്' എന്ന തലവാചകത്തോട് ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മുദ്രയുണ്ട്. ഹോളോഗ്രാമും കേരള സര്‍ക്കാര്‍ മുദ്രയും വ്യക്തിയുടെ ഫോട്ടോയും തൊട്ടുതാഴെ. മുന്‍വശത്ത് രക്തഗ്രൂപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
ലൈസന്‍സിന്റെ പിറകുവശത്താണ് ക്യൂ.ആര്. കോഡുള്ളത്. ഈ കോഡ് സ്കാന്‍ ചെയ്താല്‍ ലൈസന്‍സ് എടുത്തിരിക്കുന്ന വ്യക്തിയുടെ എല്ലാ വിശദാംശങ്ങളും ലഭിക്കും. കഴിഞ്ഞ ദിവസം പുതിയ ലൈസന്‍സിനുള്ള ആദ്യ അപേക്ഷ കൃഷ്ണപ്രിയയില്‍ നിന്ന് എറണാകുളം ആര്.ടി.ഒ. ജോജി പി. ജോസ് വാങ്ങി പദ്ധതി ഉദ്ഘാടനം ചെയ്തു.
അപേക്ഷ ഓണ്‍ലൈന്‍ വഴി
പുതിയ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്നതിന് ഓണ്‍ലൈന്‍ വഴിയാണ് എല്ലാം നിര്‍വഹിക്കേണ്ടത്. ലേണേഴ്സ് അപേക്ഷിക്കുന്നവര്‍ നിലവിലുള്ള രീതിയനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അത് ഇനി മുതല്‍ 'സാരഥി'യിലേക്ക് തിരിച്ചുവിടും.
അപേക്ഷകന് 'സാരഥി'യില്‍ സംസ്ഥാനം തിരഞ്ഞെടുത്ത് അപ്ലൈ ഓണ്‍ലൈന്‍ എന്ന മെനുവില്‍ ന്യൂ ലേണേഴ്സ് ലൈസന്‍സ് എന്ന സബ് മെനുവില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് അപേക്ഷയിലെ വിവരങ്ങള്‍ പൂരിപ്പിക്കണം. അപേക്ഷയില്‍ നിലവിലുള്ള മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം.
അപേക്ഷയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഈ നമ്പറിലേക്കാണ് ലഭിക്കുക. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍ തന്നെ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. അപേക്ഷ അയയ്ക്കേണ്ടതും ലൈസന്‍സിനുള്ള ഫീസ് അടയ്ക്കേണ്ടതും ഓണ്‍ലൈന്‍ വഴിയാണ്.
ലേണേഴ്സ് എടുത്ത് എത്ര ദിവസത്തിനുള്ളില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം എന്ന് അപേക്ഷകനു തന്നെ തീരുമാനിക്കാം. ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് 14 ദിവസം കഴിഞ്ഞേ പിന്നീട് ഹാജരാകാന്‍ കഴിയുമായിരുന്നുള്ളൂ. ഇനി മുതല്‍ ഏഴു ദിവസം കഴിഞ്ഞാല്‍ ഹാജരാകാം.
Content Highlights: Central Government Issued Driving Licence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..