ഴയവാഹനങ്ങളില്‍ കിടക്കയും അടുക്കളയുമൊരുക്കിയുള്ള നാടുചുറ്റല്‍ ഇനി നടക്കില്ല. ഊണും ഉറക്കവുമെല്ലാം വാഹനങ്ങളില്‍ തന്നെയാകുന്ന 'വാന്‍ ലൈഫ്' ആസ്വദിക്കണമെങ്കില്‍ അംഗീകൃത കാരവനുകള്‍ വേണ്ടിവരും. സുരക്ഷാക്രമീകരണങ്ങളെല്ലാം പാലിച്ചുകൊണ്ട് അംഗീകൃത ഫാക്ടറികളില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കുമാത്രമേ യാത്രാനുമതി ലഭിക്കൂ.

കാരവനുകള്‍, മൊബൈല്‍ കാന്റീനുകള്‍, കാഷ് വാനുകള്‍, എന്നിവയുടെ നിര്‍മാണത്തിന് നിലവില്‍ വ്യവസ്ഥകളില്ലായിരുന്നു. പഴയവാഹനങ്ങളില്‍ അവരവര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ കിടപ്പുമുറിയും സൗകര്യങ്ങളും ഒരുക്കുകയായിരുന്നു. ഇത് പലപ്പോഴും തീപ്പിടിത്തം ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

ചിലര്‍ ഓമ്നിപോലുള്ള ചെറിയവാഹനങ്ങള്‍ക്ക് മുകളില്‍പ്പോലും കിടപ്പറവരെ നിര്‍മിച്ചു. അപകടസാധ്യത കണ്ട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞിരുന്നു. ഇതിനൊക്കെ പരിഹാരമായിട്ടാണ് ബസ് ബോഡി കോഡിന്റെ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയത്.

ഹെവി, മിനി വാഹനങ്ങളുടെ ഷാസിയില്‍ കാരവാനുകള്‍ നിര്‍മിക്കാം. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നാല് അളവുകളില്‍പ്പെട്ടവയ്ക്ക് മാത്രമാണ് അനുമതി. അഗ്‌നിശമന ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും നിര്‍ബന്ധമാണ്. ഇരിപ്പിടങ്ങള്‍, ടേബിളുകള്‍, കിടപ്പറ, അടുക്കള, ബാത്ത്റൂം, വാട്ടര്‍ ടാങ്കുകള്‍, സ്റ്റോറേജ് സൗകര്യങ്ങള്‍, വയറിങ്, വാതിലുകള്‍, എമര്‍ജന്‍സി എക്‌സിറ്റുകള്‍ എന്നിവയ്‌ക്കെല്ലാം നിയമാനുസൃതമായ സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കണം. 

അംഗീകൃത ഫാക്ടറികള്‍ക്ക് മാത്രമേ ഇവ നിര്‍മിക്കാന്‍ കഴിയുകയുള്ളൂ. പണം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന കാഷ് വാനുകള്‍ക്ക് നിരീക്ഷണ ക്യാമറകള്‍, ജി.പി.എസ്. സംവിധാനം എന്നിവ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര ഉപരിതലമന്ത്രാലയം ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചു. ആറുമാസത്തിനുള്ളില്‍ നടപ്പാക്കും.

Content Highlights: Central Government Introduce Safety Directions For Van House, Vehicle House

ബി. അജിത് രാജ്