ട്ടുവര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ക്കും (ടാക്‌സി, ചരക്കു വാഹനങ്ങള്‍) 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള സ്വകാര്യവാഹനങ്ങള്‍ക്കും ഹരിതനികുതി ('ഗ്രീന്‍ ടാക്‌സ്') ചുമത്താനുള്ള നിര്‍ദേശം കേന്ദ്ര റോഡുമന്ത്രാലയം അംഗീകരിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായംകൂടി അറിഞ്ഞശേഷം ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ വിജ്ഞാപനം ചെയ്യും.

വാണിജ്യ വാഹനങ്ങള്‍ക്ക് റോഡ് നികുതിയുടെ 10 മുതല്‍ 25 വരെ ശതമാനമായിരിക്കും ഹരിതനികുതി. സ്വകാര്യ വാഹനങ്ങള്‍ക്ക് അഞ്ചുകൊല്ലത്തേക്ക് നിശ്ചിത തുക ഈടാക്കാം. ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ക്ക് വെവ്വേറെ നിരക്ക് ചുമത്താം.

പഴയവാഹനങ്ങള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 'ഗ്രീന്‍ ടാക്‌സ്' കൊണ്ടുവരുന്നത്. 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളുടെയും 10 വര്‍ഷത്തില്‍ കൂടുതലുള്ള ഡീസല്‍ വാഹനങ്ങളുടെയും രജിസ്ട്രേഷന്‍ ഏതാനും കൊല്ലങ്ങളായി ഡല്‍ഹിയില്‍ പുതുക്കാറില്ല. മറ്റു സംസ്ഥാനങ്ങളില്‍ പഴയവാഹനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യന്നുണ്ട്.

പൊതുഗതാഗതത്തിനുള്ള വാഹനങ്ങള്‍, സിറ്റിബസുകള്‍ എന്നിവയ്ക്ക് കുറഞ്ഞ ഹരിതനികുതി ഈടാക്കിയാല്‍ മതിയെന്നാണ് കേന്ദ്രനിര്‍ദേശം. മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ വാഹനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റോഡ് നികുതിയുടെ 50 ശതമാനംവരെ ഇത് ചുമത്തണം. 

ഹൈബ്രിഡ് വാഹനങ്ങള്‍, സി.എന്‍.ജി., എല്‍.പി.ജി, ഇലക്ട്രിക് വാഹനങ്ങള്‍, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കണം. ഇതുവഴി ശേഖരിക്കുന്ന തുക പ്രത്യേക ഫണ്ടില്‍ നിക്ഷേപിച്ച് മലിനീകരണം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം.

കേന്ദ്രസര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാനുള്ള നിര്‍ദേശവും റോഡ് മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

Content Highlights: Central Government Impose Green Tax On Lod Vehicles