ന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിരത്തുകളില്‍നിന്ന് ഒഴിവാക്കുകയെന്ന ഉദ്യമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഈ നിര്‍ദേശത്തിന് അംഗീകരം നല്‍കിയിട്ടുള്ളത്. 

ഹരിത നികുതിയിലൂടെ പിരിച്ചെടുക്കുന്ന പണം മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനം. എന്നാല്‍, ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി എല്ലാം സംസ്ഥാനങ്ങളുടെയും അഭിപ്രായം അറിയാനും കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പഴയ വാഹനങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കുകയും വാഹന മേഖലയുടെ വികസനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

എട്ട് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്തും സ്വകാര്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം രജിസ്‌ട്രേഷന്‍ പുതുക്കുമ്പോഴും ഇത് ഇടാക്കാന്‍ സാധിക്കുമെന്നാണ് നിര്‍ദേശത്തിലുള്ളത്. റോഡ് നികുതിയുടെ 10 ശതമാനം മുതല്‍ 25 ശതമാനം വരെയായിരിക്കും ഹരിതി നികുതി ഈടാക്കുക. 

അതേസമയം, മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ റീ-രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി റോഡ് ടാക്‌സിന്റെ 50 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. വാഹനങ്ങളുടെയും ഇന്ധനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ടാക്‌സ് ഈടാക്കുക. ഹൈബ്രിഡ്, ഇലക്ട്രിക്, സി.എന്‍.ജി, തുടങ്ങിയ വാഹനങ്ങള്‍ക്ക് നികുതി ഇളവ് ലഭിച്ചേക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളെയും ഇളവിന് പരിഗണിക്കും. 

സര്‍ക്കാര്‍ വിലയിരുത്തല്‍ അനുസരിച്ച് 65 മുതല്‍ 70 ശതമാനം വരെ മലിനീകരണമുണ്ടാക്കുന്നത് അഞ്ച് ശതമാനം വരുന്ന വാണിജ്യ വാഹനങ്ങളാണ്. ഇതിനുപുറമെ, 2000-ന് മുമ്പ് നിര്‍മിച്ച ഒരു ശതമാനം വാഹനങ്ങള്‍ 15 ശതമാനം മലിനീകരണമാണ് സൃഷ്ടിക്കുന്നത്. പുതിയ വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ 10 മുതല്‍ 25 വരെ ഇരട്ടിയാണ് പഴയ വാഹനം മൂലമുള്ള മലിനീകരണം. ഈ സഹചര്യത്തിലാണ് ഹരിത നികുതിയിലേക്ക് പോകുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

Content Highlights: Central Government Impose Green Tax On Lod Vehicles