മാര്‍ച്ച് 31ന് കാലാവധി അവസാനിച്ച ബി.എസ്.4 വാഹനങ്ങള്‍ അടച്ചിടല്‍ കാലയളവിന് ശേഷവും വിറ്റഴിക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദേശമിറക്കി. വാഹനങ്ങളുട വില്‍പ്പനയ്ക്ക് സൗകര്യമൊരുക്കാനാണ് എന്‍.ഐ.സി.യോട്(നാഷണല്‍ ഇന്‍ഫൊമാറ്റിക് സെന്റര്‍) ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടത്.

മാര്‍ച്ച് 31-ന്‌ശേഷവും അവശേഷിക്കുന്ന ബി.എസ്. 4 എന്‍ജിന്‍ വാഹന സ്റ്റോക്കുകളുടെ പത്തുശതമാനം വരെ വിറ്റഴിക്കാനാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. കൊറോണയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കഴിഞ്ഞശേഷം പത്തു ദിവസത്തിനകം വിറ്റഴിച്ചിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 

നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 14നാണ് ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ ഏപ്രില്‍ 24ന് വരെ ബിഎസ്4 വാഹനങ്ങള്‍ വില്‍ക്കാം. എന്നാല്‍, ഡല്‍ഹിയില്‍ ബിഎസ്4 എന്‍ജിനിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്ത് ദിവസത്തിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. 

ബിഎസ്4 എന്‍ജിനിലുള്ള ഏഴു ലക്ഷം ഇരുചക്ര വാഹനങ്ങളും 12,000 പാസഞ്ചര്‍ വാഹനങ്ങളും 8,000 വാണിജ്യ വാഹനങ്ങളുമാണ് വില്‍ക്കാനുള്ളതെന്നും ഇതിനായി സമയം നീട്ടി നല്‍കണമെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡിലേഴ്‌സ് അസോസിയേഷന്‍(ഫാഡ), സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ്(സിയാം) എന്നിവരാണ് സുപ്രീം കോടതില്‍ ആവശ്യപ്പെട്ടത്.

മാര്‍ച്ച് 31ന് മുമ്പ് വിറ്റഴിക്കേണ്ടതുകൊണ്ട് വമ്പന്‍ ഓഫറുകളാണ് മിക്ക കാര്‍ ഡീലര്‍മാരും ബി.എസ്.4 വാഹനങ്ങള്‍ക്ക് നല്‍കിയത്. അതിനാല്‍ ആവശ്യകതയും ഉണ്ടായിരുന്നു. എന്നാല്‍, കൊറോണ വന്നതോടെ എല്ലാം തകിടംമറിഞ്ഞു. വില്‍ക്കാത്ത വാഹനങ്ങള്‍ കമ്പനി തിരിച്ചെടുക്കില്ല. അവ പൊളിച്ച് സ്‌പെയര്‍പാര്‍ട്‌സ് ആക്കാനാണ് കമ്പനികള്‍ക്കുള്ള നിര്‍ദേശം.

Content Highlights; Central Government Give Directions To Sell BS4 Engine Vehicles