രാജ്യത്തെ കോവിഡ് വ്യാപനത്തിലെ വര്‍ധന കണക്കിലെടുത്ത് വാഹന നിര്‍മാതാക്കളോട് അവരുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. 

രണ്ടുമാസത്തിനുള്ളില്‍ 30,000 വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനോടു നിര്‍ദേശിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ. അടുത്തയാഴ്ച മുതല്‍ ദിവസം 20,000 എന്‍95 മുഖാവരണങ്ങളുടെ നിര്‍മാണം തുടങ്ങും. രാജ്യത്തെ ആശുപത്രികളിലായി 14000 വെന്റിലേറ്ററുകള്‍ കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. 11.95 ലക്ഷം എന്‍95 മുഖാവരണങ്ങളും ശേഖരത്തിലുണ്ട്.

നോയ്ഡയിലെ സ്വകാര്യകമ്പനിയായ അഗ്വ ഹെല്‍ത്ത്‌കെയറിനോട് ഒരു മാസത്തിനുള്ളില്‍ 10,000 വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ഏപ്രില്‍ രണ്ടാംവാരത്തോടെ വിതരണം ചെയ്യാനാകും.

രണ്ടു തദ്ദേശീയ നിര്‍മാതാക്കള്‍ ദിവസം 50,000 എന്‍95 മുഖാവരണങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്പാദനം ഒരുലക്ഷം വരെ ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്.

സുരക്ഷാവസ്ത്രങ്ങളുണ്ടാക്കാന്‍ (പി.പി.ഇ.) 11 തദ്ദേശീയ ഉത്പാദകര്‍ ഇതുവരെ യോഗ്യത നേടിയിട്ടുണ്ടെന്നും 21 ലക്ഷം എണ്ണത്തിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 3.34 ലക്ഷം പി.പി.ഇ. ഇപ്പോള്‍ വിവിധ ആശുപത്രികളിലായുണ്ട്.

Content Highlights; Central Government Ask Vehicle Manufactures To Make Ventilators