കോവിഡ് അടിയന്തരസാഹചര്യത്തില്‍ ഓക്‌സിജന്‍ വിതരണം സുഗമമാക്കുന്നതിന് കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കാര്‍ഗോ ഡ്രൈവര്‍മാരുടെ പാനല്‍ തയ്യാറാക്കും. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.

ലിക്വിഡ് ഓക്‌സിജന്‍ ടാങ്കറുകള്‍ കൊണ്ടുപോകുന്നതില്‍ പരിശീലനം നേടിയ ഡ്രൈവര്‍മാര്‍ കുറവാണ്. അതിനാല്‍ ഹെവി വെഹിക്കിള്‍, കാര്‍ഗോ ഡ്രൈവിങ്ങില്‍ പ്രഗത്ഭരായവരെ കണ്ടെത്തി പരിശീലനം നല്‍കി ഹസാര്‍ഡസ് കാര്‍ഗോ ലൈസന്‍സ് നല്‍കും.

എല്ലാ സംസ്ഥാനങ്ങളോടും പരിശീലനത്തിനര്‍ഹരായ ഡ്രൈവര്‍മാരുടെ പട്ടിക നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 500 ഡ്രൈവര്‍മാരെയാണ് ഉടന്‍ വേണ്ടത്. രാജ്യത്ത് എല്ലാഭാഗത്തേക്കും ഓക്‌സിജന്‍ കാര്‍ഗോകളുടെ സുഗമമായ നീക്കത്തിന് 2,500 ഡ്രൈവര്‍മാര്‍ വേണം. ബാക്കിയുള്ളവര്‍ക്ക് അടുത്തഘട്ടത്തില്‍ പരിശീലനമൊരുക്കും.

അപകടകരമായ രാസവസ്തുക്കളും ദ്രാവക ഓക്‌സിജനും കൈകാര്യം ചെയ്യുന്നതിനാണ് പരിശീലനം. ലോജിസ്റ്റിക് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍, ഇന്ത്യന്‍ കെമിക്കല്‍ കൗണ്‍സില്‍, നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവയും മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മാതാക്കളുമാണ് പരിശീലനം നല്‍കുക.

ഡ്രൈവര്‍മാരുടെ ലഭ്യത ഉറപ്പാക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറാക്കും. ഡ്രൈവര്‍മാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനും കോവിഡ് ബാധിതരായാല്‍ ചികിത്സിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Content Highlights: Central Government Ask To State To Train Oxygen Tanker Drivers