ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടെങ്കിലും കേരളത്തില്‍ പലയിടത്തും അനുവദിക്കുന്നില്ല. ഓട്ടോമാറ്റിക്കോ മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങളോ ടെസ്റ്റിന് ഉപയോഗിക്കാമെന്നു കേന്ദ്രം ഇക്കഴിഞ്ഞ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാനം ഇതുസംബന്ധിച്ച് ഒരു നിര്‍ദേശവും പുറത്തിറിക്കാത്തതാണ് ആശയക്കുഴപ്പത്തിനു കാരണം.

ഓട്ടോമാറ്റിക് വാഹനങ്ങളില്‍ പഠിച്ച് ടെസ്റ്റിന് എത്തുന്നവരാണ് ഇതുകാരണം കുഴയുന്നത്. റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഗിയര്‍മാറ്റുന്നതും മറ്റും പരിശോധിച്ചാണ് ഇപ്പോഴും ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍, ഈ അവ്യക്തത നിലനില്‍ക്കുമ്പോള്‍ത്തന്നെ ഓട്ടോമാറ്റിക് വാഹനങ്ങളെ അനുവദിക്കുന്നുമുണ്ട്.

ഡ്രൈവിങ് സ്‌കൂളുകളില്‍ ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉണ്ടെങ്കിലും അതില്‍ ആളുകളെ പരിശീലിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോള്‍. ഓട്ടോമാറ്റിക് വാഹനങ്ങളില്‍ പഠിക്കാന്‍ താത്പര്യം കാണിച്ച് ധാരാളംപേര്‍ എത്തുന്നുണ്ടെന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍ പറയുന്നു. ഇപ്പോള്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ ഏറെയും ഓട്ടോമാറ്റിക് വിഭാഗത്തിലുള്ളവയുമാണ്.

ഓട്ടോമാറ്റിക് വാഹനങ്ങള്‍ ടെസ്റ്റിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാര്‍ കോടതിയെ സമീപിച്ചിരുന്നു. ലൈസന്‍സ് നല്‍കുന്നതിനു നിലവിലുള്ള മാനദണ്ഡങ്ങളില്‍ പഠിതാവിന്റെ ഗിയര്‍ഷിഫ്റ്റ് രീതികളെ വിലയിരുത്തേണ്ടതുണ്ട്. അതിനാല്‍ കൃത്യമായ നിര്‍ദേശങ്ങള്‍വരാതെ ഏങ്ങനെ ടെസ്റ്റിങ് രീതിയില്‍ മാറ്റംവരുത്തുമെന്ന സംശയമാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്.

Content Highlights: Central Government Allow Automatic Vehicle For Driving Licence Test