പുതിയ തലമുറയില്‍പ്പെട്ട 'അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ (എ.സി.സി.) ബാറ്ററി സ്റ്റോറേജ്' സംവിധാനം ശക്തിപ്പെടുത്താന്‍ 18,100 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതിനല്‍കി. എ.സി.സി.യുടെ ഉത്പാദനം കൂട്ടുകയും ഇറക്കുമതി കുറയ്ക്കുകയുമാണ് ലക്ഷ്യം. ഇതുവഴി ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററി പാക്കുകളുടെ വില കുറഞ്ഞേക്കും. 

ഉത്പാദനവും വില്‍പ്പനയും അടിസ്ഥാനമാക്കി ഇതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് സാമ്പത്തികസഹായം നല്‍കും. വരുംവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ 45,000 കോടിരൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ശക്തിപ്പെടുത്തുന്നതിനൊപ്പം കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനങ്ങളും സാധ്യമാകും.

50,000 മെഗാവാട്ട് വൈദ്യുതിക്കുള്ള എ.സി.സി. രാജ്യത്തുണ്ടാക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് എനര്‍ജി, ഇലക്ട്രോ കെമിക്കല്‍ എനര്‍ജിയായോ കെമിക്കല്‍ എനര്‍ജിയായോ സൂക്ഷിച്ചുവെക്കുകയും ആവശ്യം വരുമ്പോള്‍ തിരിച്ച് ഇലക്ട്രിക് എനര്‍ജിയായി മാറ്റുകയുംചെയ്യുന്ന പുതിയ സംവിധാനമാണ് എ.സി.സി. 

ഇലക്ട്രിക് വാഹനങ്ങള്‍, വൈദ്യുതഗ്രിഡുകള്‍, കെട്ടിടങ്ങള്‍ക്ക് മുകളിലെ സൗരോര്‍ജ ഉത്പാദനം, റെയില്‍വേ, ഷിപ്പിങ്, ഡീസല്‍ ഉത്പാദനം, ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉത്പാദനം തുടങ്ങി വിവിധ മേഖലകളില്‍ ഏറെ പ്രയോജനപ്പെടുന്നതാണ് ഈ സംവിധാനം. 

സൗരോര്‍ജ പാനലുകള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാലങ്ങളിലും ഉപയോഗിക്കാന്‍ ഈ സ്റ്റോറേജ് സംവിധാനംവഴി സാധിക്കും. ഇലക്ട്രിക് വാഹനമേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും.

Content Highlights: Central Government ACC Battery Storage Project To Boost Electric Vehicle