ന്യൂഡല്‍ഹി: 2007-2011 കാലയളവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്.എ.എല്‍., ഒ.എന്‍.ജി.സി., ഗെയ്ല്‍ എന്നിവയില്‍നിന്നു കരാറുകള്‍ സ്വന്തമാക്കുന്നതിനു ഏജന്റിനു 77 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ ബ്രിട്ടീഷ് ആഡംബര വാഹനനിര്‍മാതാക്കളായ റോള്‍സ്‌റോയ്‌സിനെതിരേ സി.ബി.ഐ. കേസെടുത്തു.

പ്രതിരോധമന്ത്രാലയം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസെടുത്തത്. 

സിങ്കപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അശോക് പട്‌നിയെന്നയാള്‍ക്കും അയാളുടെ കമ്പനിയായ ആഷ്മര്‍ പ്രൈവറ്റ് ലിമിറ്റഡിനും റോള്‍സ്‌റോയ്‌സുമായി ഇടപാടുകളുണ്ടെന്ന് ആരോപിക്കുന്ന കത്ത് മന്ത്രാലയത്തിനു ലഭിച്ചിരുന്നു. വാര്‍ത്തകളോട് റോള്‍സ്‌റോയ്‌സ് പ്രതികരിച്ചിട്ടില്ല. 

റോള്‍സ്‌റോയ്‌സിനുപുറമേ അവരുടെ ഇന്ത്യന്‍ വിഭാഗം, പട്‌നി, ആഷ്മര്‍ പ്രൈവറ്റ് ലിമിറ്റഡ്, ടര്‍ബോടെക് എനര്‍ജി സര്‍വീസസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്.എ.എല്‍, ഒ.എന്‍.ജി.സി., ഗെയ്ല്‍ എന്നീ സ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരേയും സി.ബി.ഐ. കേസെടുത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

2000 മുതല്‍ 2013 വരെ 4700 കോടി രൂപയുടെ ബിസിനസാണ് എച്ച്എഎല്ലും റോള്‍സ്‌റോയ്‌സും തമ്മിലുണ്ടായിരുന്നതെന്നും 2007-11 കാലയളവില്‍ വാണിജ്യ ഉപദേഷ്ടാവെന്ന നിലയില്‍ പട്‌നിക്ക് റോള്‍സ്‌റോയ്‌സ് 18 കോടി രൂപ നല്‍കിയെന്നും സിബിഐ പറയുന്നു. ഗെയ്‌ലിനും ഒഎന്‍ജിസിക്കും യന്ത്രഭാഗങ്ങള്‍ വിതരണം ചെയ്യുന്നതിനു പട്‌നിക്ക് റോള്‍സ്‌റോയ്‌സുമായി നേരിട്ട് കരാറുകളുണ്ടായിരുന്നുവെന്നും തങ്ങളുടെ എണ്ണ, വാതകവിഭാഗത്തിന്റെ ഏജന്റിന്റെ പേരു കമ്പനി വെളിപ്പെടുത്തുന്നത് 2013 ലാണെന്നും സിബിഐ വ്യക്തമാക്കി. 

2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഒഎന്‍ജിസിക്കായി യന്ത്രഭാഗങ്ങളും വസ്തുക്കളും വാങ്ങിയതിനു 73 പര്‍ച്ചേസ് ഓര്‍ഡറുകളില്‍ 29.81 കോടി രൂപയാണ് റോള്‍സ്‌റോയ്‌സ് നല്‍കിയതെന്ന് ആരോപണമുണ്ട്.

Content Highlights; CBI registers corruption case against rolls royce, case against rolls royce