സംസ്ഥാനത്ത് കാറുകള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സുകളാക്കി ഓടിക്കുന്നതായി തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടി ആരംഭിച്ചു. സംസ്ഥാനത്ത് നൂറിനും ഇരുന്നൂറിനും ഇടയില്‍ വാഹനങ്ങള്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടെന്നാണു സൂചന. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആംബുലന്‍സുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതോടെയാണിത്. 

കാര്‍ണാടകത്തില്‍ എത്തിച്ചാണു രൂപമാറ്റം വരുത്തുന്നത്. മുന്‍പ് കാറുകളും ആംബുലന്‍സുകളാക്കിമാറ്റിയാല്‍ രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നു. വാഹനക്കമ്പനികള്‍ ആംബുലന്‍സായിത്തന്നെ ഇപ്പോള്‍ ഇറക്കുന്നുണ്ട്. അതിനാല്‍ മറ്റുവാഹനംവാങ്ങി രൂപമാറ്റം വരുത്തിയാല്‍ രജിസ്‌ട്രേഷന്‍ ലഭിക്കില്ല. മറുനാട്ടില്‍നിന്ന് രൂപമാറ്റംവരുത്തി ആലപ്പുഴയില്‍ കൊണ്ടുവന്ന രണ്ടുവാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ നല്‍കിയില്ല. മറ്റുജില്ലകളിലും ഇതാണുസ്ഥിതി. 

രൂപമാറ്റംവരുത്തിയ വാഹനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാതെ ഇനി നിരത്തിലിറക്കാനും സാധിക്കില്ല. സംസ്ഥാനത്ത് കാറുകള്‍ ആംബുലന്‍സുകളാക്കി മാറ്റിനല്‍കുന്ന സ്ഥാപനങ്ങളോ ഏജന്‍സികളോ ഇല്ല. കര്‍ണാടകത്തില്‍ പ്രത്യേകിച്ച് മംഗളുരൂവില്‍ ഏറെ സ്ഥാപനങ്ങളുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ ആംബുലന്‍സുകള്‍ക്ക് ആവശ്യം കൂടിയപ്പോള്‍ തത്കാലം ചെറിയവാഹനങ്ങളും ആംബുലന്‍സുകളായി ഓടിക്കാമെന്നു വാക്കാല്‍ നിര്‍ദേശമുണ്ടായിരുന്നു. 

ഇത് മുതലെടുത്താണ് പലരും കാറുകള്‍വാങ്ങി ആംബുലന്‍സുകളാക്കി രൂപമാറ്റം വരുത്തുന്നത്. ആംബുലന്‍സുകളായിത്തന്നെ വാങ്ങിയാല്‍ ചെലവേറും. മാത്രമല്ല, ഒരുവര്‍ഷത്തോളം കാത്തിരിക്കുകയും വേണം. രൂപംമാറ്റം വരുത്തിയ വാഹനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കുന്ന 'ഓപ്പറേഷന്‍ റസ്‌ക്യൂ' ശക്തമായി നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Cars Converts Into Ambulance, MVD Kerala, Ambulance