ഹരിപ്പാട്: ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഓട്ടോറിക്ഷ എന്നിവയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്ന് മുതല്‍ കുത്തനെ കൂടും. 350 സി.സി.യില്‍ കൂടുതലുള്ള ആഡംബര ബൈക്കുകള്‍ക്ക് മാത്രമാണ് പ്രീമിയം കുറയുന്നത്. നാല് ചക്രമുള്ള ചെറു ഭാരവാഹനങ്ങളുടെ (12,000 കിലോഗ്രാം വരെ) പ്രീമിയം കൂടില്ല.

മാര്‍ച്ച് നാലിനാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്പ്മെന്റ് അതോറിറ്റി പ്രിമിയം വര്‍ധനയ്ക്കുള്ള ശുപാര്‍ശയുടെ കരട് പ്രസിദ്ധപ്പെടുത്തിയത്. അന്തിമ വിജ്ഞാപനം ശനിയാഴ്ചയുണ്ടായി.

1000 സി.സി. വരെയുള്ള സ്വകാര്യ കാറുകള്‍ക്ക് നികുതികള്‍ ഉള്‍പ്പെടെ 27 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും. 1000 മുതല്‍ 1500 വരെ സി.സി.യുള്ള കാറുകള്‍ക്ക് 22.89 ശതമാനം പ്രീമിയം കൂടും. 75 സി.സി. വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് ഒന്‍പതും 75 മുതല്‍ 150 സി.സി. വരെയുള്ളവയ്ക്ക് 14ഉം ശതമാനം വര്‍ധനവുണ്ട്.

ഓട്ടോറിക്ഷകളുടെ പ്രീമിയത്തില്‍ 28.6 ശതമാനമാണ് വര്‍ധന. ടാക്സി കാറുകള്‍ക്ക് ശരാശരി 26 ശതമാനം പ്രീമിയം കൂടും. ഓട്ടോറിക്ഷാകള്‍ക്ക് നിലവിലുണ്ടായിരുന്ന തേര്‍ഡ് പാര്‍ട്ടി പ്രിമിയം 3890 രൂപയായിരുന്നു. ഇനി ഇത് 5004 രൂപയായിരിക്കും. 1000 സി.സി. വരെയുള്ള ടാക്സി വാഹനങ്ങള്‍ക്ക് 3000 രൂപയോളമാണ് പ്രീമിയം കൂടുന്നത്. ആകെ ഭാരം 12000 കിലോഗ്രാം വരെയുള്ള മിനി ലോറികളുടെ പ്രീമിയം ഉയര്‍ത്തിയിട്ടില്ല. 12,000 കിലോഗ്രാമിന് മുകളിലുള്ള ഭാര വാഹനങ്ങള്‍ക്ക് ശരാശരി 26 ശതമാനമാണ് കൂടുന്നത്.

ഏപ്രില്‍ ഒന്നിന് ശേഷം പുതുക്കേണ്ട പോളിസികള്‍ക്കെല്ലാം പുതിയ നിരക്ക് ബാധകമാണ്. മാര്‍ച്ച് 31ന് മുമ്പ് പോളിസി പുതുക്കിയാലും പുതിയ നിരക്ക് നല്‍കേണ്ടിവരും.