മൂഹമാധ്യമങ്ങളില്‍ ഇന്നലെ വൈറലായ വീഡിയോയാണ് മുംബൈയിലെ ഒരു പാര്‍ക്കിങ്ങ് സ്ഥലത്ത് ഒരു ഗര്‍ത്തം രൂപപ്പെടുകയും നിമിഷനേരം കൊണ്ട് ഒരു കാര്‍ അതില്‍ വീണ് അപ്രത്യക്ഷമാകുകയും ചെയ്യുന്നത്. മുംബൈയിലെ ഘട്‌കോപര്‍ പ്രദേശത്ത് ഉണ്ടായ ഈ സംഭവത്തില്‍ ഗര്‍ത്തത്തിലേക്ക് പതിച്ച വാഹനം പുറത്തെത്തിച്ചു. ഈ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പാര്‍പ്പിട സമുച്ചയത്തിനായി ഉപയോഗിക്കുന്ന കിണറ്റിലേക്കാണ് വാഹനം വീണതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ക്രീറ്റ് ചെയ്താണ് ഈ കിണറിന്റെ മുകള്‍ഭാഗം മൂടിയിരുന്നത്. ഈ ഭാഗം ഇവിടെ താമസിക്കുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനും മറ്റുമായാണ് ഉപയോഗിച്ചിരുന്നത്. നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. അതിനാല്‍ തന്നെ ആളപായമില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

അപകടമുണ്ടായതിന് പിന്നാലെ പോലീസ് ഈ മേഖലയില്‍ എത്തുകയും ഇവിടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു. പിന്നീട് ക്രെയിന്‍ എത്തിച്ചാണ് കിണറ്റിനുള്ളില്‍ പതിച്ച വാഹനത്തെ പുറത്ത് എത്തിച്ചത്. വാഹനം കിണറ്റില്‍ കിടക്കുന്നതിന്റെയും ഇത് പുറത്തേക്ക് എടുക്കുന്നതിന്റെയും രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാര്‍ കുഴിയിലേക്ക് പതിക്കുന്നതിന്റെയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. കാറിന്റെ ബോണറ്റും മുന്‍ ചക്രങ്ങളും ആദ്യം ഗര്‍ത്തത്തിലേക്ക്‌ പതിക്കുകുകയും തുടര്‍ന്ന് പിന്‍ഭാഗം ഉള്‍പ്പടെ കുഴിയിലേക്ക് ആണ്ടുപോവുകയുമായിരുന്നു. മഴയെത്തുടര്‍ന്ന് ഇത് ഇടിഞ്ഞാണ് സംഭവമെന്നാണ് പോലീസ് അഭിപ്രായപ്പെട്ടത്.