ദ്യലഹരിക്കൊപ്പം അമിതവേഗവും. നഷ്ടപ്പെട്ടത് മൂന്ന് ജീവനുകള്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം നടന്ന അപകടത്തിലാണ് മൂന്നുപേര്‍ മരിച്ചത്. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്ന മൂന്നുപേരും ഒരു ബാങ്ക് ജീവനക്കാരനുമായിരുന്നു വാഹനത്തില്‍ യാത്ര ചെയ്തിരുന്നത്. വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്. 

ഹൈദരാബാദിലെ ഗാച്ചിബോളിയില്‍ നിന്ന് ലിങ്കമ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുണ്ടായിരുന്ന മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നതായാണ്‌ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും പിന്നിലെ ബൂട്ടും ടയറും ഉള്‍പ്പെടുന്ന ഭാഗം വേര്‍പ്പെടുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്. വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍, എം.മാനസ, എന്‍.മാനസ എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങിയത്. വാഹനത്തിലുണ്ടായിരുന്ന നാലാമന്‍ സായി സുദ്ദു എന്നയാള്‍ അതീവ ഗുരുതാരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് വിവരം. 

അമിതവേഗത്തിലായിരുന്നു വാഹനമെന്നാണ്‌ പോലീസ് പറയുന്നത്. കാര്‍ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നിരിക്കാമെന്നും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാടകയ്ക്ക് എടുത്ത വാഹനമാണ് അപകടത്തില്‍പെട്ടത്‌.

Content Highlights: Car hits into Tree, Car Split in an accident, Three persons died in car accident