ഇടിച്ചിട്ട സ്‌കൂട്ടര്‍ യാത്രികയുമായി കാര്‍ റോഡിലൂടെ കുതിച്ചത് മീറ്ററുകളോളം. സംഭവത്തില്‍ പരിക്കേറ്റെങ്കിലും ജീവാപായമില്ലാതെ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. മംഗളൂരു കദ്രി കംബള ജങ്ഷനിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അത്താവര്‍ സ്വദേശിയായ വാണിശ്രീയാണ് അപകടത്തില്‍ പെട്ടത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ജങ്ഷന്റെ ഒരുവശത്തുകൂടെ വരികയായിരുന്ന യുവതിയുടെ സ്‌കൂട്ടറില്‍ മറ്റൊരു ദിശയിലൂടെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
ബോണറ്റിലേക്ക് വീണ വാണിശ്രീയുമായി കാര്‍ അല്പസമയം മുന്നോട്ടുകുതിച്ചു. ഇതോടെ യുവതി കാറിന്റെ അടിയില്‍ പെടുകയായിരുന്നു. സമീപ്രദേശങ്ങളിലുള്ളവര്‍ ഓടിവരുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആളുകള്‍ ഓടിക്കൂടി കാര്‍ പൊന്തിച്ചാണ് യുവതിയെ പുറത്തെടുത്തത്. സമീപത്തുണ്ടായിരുന്ന പോലീസുകാരും സ്ഥലത്തെത്തി.
അപകടമുണ്ടായതോടെ പകച്ചുപോയ കാര്‍ ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 62കാരനാണ് കാര്‍ ഓടിച്ചിരുന്നത്. ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹവും ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights: Car Hits In Scooter, Accident video Form Karnataka