'രക്ഷപ്പെടലെന്ന് പറഞ്ഞാല്‍ ഒരൊന്നൊന്നര രക്ഷപ്പെടലായിരുന്നു. ബൈക്കില്‍ വരുമ്പോള്‍ പെട്ടെന്നാണ് കാര്‍ വന്നിടിച്ചത്. ഇടിച്ച കാറില്‍ കുടുങ്ങിയതിനാല്‍ ബൈക്കുമായി 30 മീറ്ററോളം മുന്നോട്ടുപോയി. ബൈക്കില്‍ ഇരിക്കുന്ന നിലയിലായിരുന്നു. എന്തു പറ്റിയെന്ന് അറിയാത്ത നിമിഷങ്ങള്‍. പിന്നെയാണ് പേടി തോന്നിയത്'- ഇരുപതുകാരനായ സെബിന്‍ തന്റെ അത്ഭുതരക്ഷപ്പെടലിനെക്കുറിച്ച് പറയുമ്പോള്‍ ചിരിക്കുകയായിരുന്നു.
തൃശൂര്‍ കിഴക്കേക്കോട്ട ജങ്ഷനില്‍ വ്യാഴാഴ്ച വൈകീട്ട് 5.20-നാണ് അത്ഭുതകരമായ രക്ഷപ്പെടലുണ്ടായത്. ഇലക്ട്രിക്കല്‍ ജോലി കഴിഞ്ഞ് കാച്ചേരി അഞ്ചേരിച്ചിറയിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു വേലൂക്കാരന്‍ ബാബുവിന്റെ മകന്‍ സെബിന്‍. ഇനിയുള്ള സംഭവങ്ങള്‍ സെബിന്റെ വാക്കുകളില്‍നിന്ന് അറിയാം: 'പണി കഴിഞ്ഞ് ബിഷപ്പ് പാലസ് റോഡില്‍നിന്ന് കിഴക്കേക്കോട്ടയിലേയ്ക്ക് കടന്നതാണ്.
ലൂര്‍ദ് പള്ളി ഭാഗത്തുനിന്ന് കോട്ടയിലേയ്ക്ക് കടക്കുകയായിരുന്നു കാര്‍. വാഹനങ്ങളെല്ലാം പതുക്കെയായിരുന്നു ഓടിയിരുന്നത്. കാര്‍ ആദ്യം പോയി മറ്റൊരു വണ്ടിയെ ഇടിച്ചെന്ന് പറയുന്നു. വേറെ രണ്ട് ബൈക്കുകളിലും ഇടിച്ചു. അത് അറിയുന്നതിന് മുമ്പേ കാര്‍ വന്ന് എന്റെ ബൈക്കിലിടിച്ചിരുന്നു. ആദ്യമേ മറ്റൊരു വാഹനത്തിലിടിച്ചപ്പോള്‍ കാര്‍ ഓടിച്ചയാള്‍ ഭയന്നു. ബ്രേക്ക് ചവിട്ടുന്നതിന് പകരം കാലമര്‍ന്നത് ആക്സിലറേറ്ററില്‍.
എന്റെ ബൈക്കില്‍ കാര്‍ തട്ടി ഉടന്‍ കാറില്‍ കുടുങ്ങി. കാറില്‍ കുടുങ്ങിയതിനാല്‍ ബൈക്കിലിരുന്ന് തന്നെ മുന്നോട്ടുപോയി. തന്നേക്കാള്‍ വെപ്രാളം കാറോടിച്ച ചേട്ടനായിരുന്നു. കാല്‍ കുടുങ്ങാത്തതിനാല്‍ എനിക്ക് പരിക്കുകളൊന്നുമുണ്ടായില്ല. പക്ഷേ ബൈക്കിന് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ബൈക്ക് ശരിയാക്കിത്തരാമെന്ന് കാറുടമ പറഞ്ഞു. അതിനാല്‍ കേസിനൊന്നും പോയില്ല. പരാതിയില്ലാത്തതിനാല്‍ പോലീസ് കേസൊന്നും എടുത്തിട്ടില്ല.'
Content Highlights: Car Hits Bike In Trissur; Accident Video, Great Escape