കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വേഗത്തിലെത്തുന്ന കാര്‍ റോഡിലെ സര്‍ക്കിളില്‍ ഇടിച്ച് പറക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനുപിന്നാലെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നുകിടക്കുന്നതും കാണാം.

സംഭവം നടന്നത് പോളണ്ടിലാണ്. ഒരു നാല്‍ക്കവലയിലേക്ക് അതിവേഗത്തില്‍ എത്തുന്ന വാഹനം തൊട്ടുമുന്നില്‍ കാണുന്ന സര്‍ക്കിളിന്റെ വരമ്പില്‍ ഇടിച്ചാണ് വളരെ ഉയരത്തില്‍ പറക്കുന്നത്. ഒരു സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടതെന്നാണ് ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. വാഹനത്തിലുള്ളവരെക്കുറിച്ചുള്ള വിവരം ലഭ്യമല്ല.

ഉയര്‍ന്ന് പൊങ്ങിയ കാര്‍ ഒരു മരത്തിലിടിച്ചാണ് നിലത്ത് വീണത്. ഏകദേശം ഏഴ് മീറ്റര്‍ ഉയരത്തില്‍ പൊങ്ങി പറന്നാണ് മരത്തില്‍ ഇടിച്ചത്. തുടര്‍ന്ന് ഇവിടെയുള്ള ഒരു കെട്ടിടത്തിന് സമീപം വീഴുകയായിരുന്നു. ഉടന്‍തന്നെ അഗ്നി സുരക്ഷാവിഭാഗം സ്ഥലത്തെത്തിയാണ് ഡ്രൈവറെ വാഹനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപകട വീഡിയോ 4000 പേര്‍ ഷെയര്‍ ചെയ്യുകയും ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തിട്ടുണ്ട്.  അപകടത്തിന്റെ വ്യാപ്തി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി അധികാരികള്‍ തന്നെയാണ് ഈ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

Source: NDTV