കെ.ടി.ഡി.സി.യുടെ ഹോട്ടലുകളില്‍ കയറാതെ വാഹനത്തിലിരുന്നു ഭക്ഷണം (ഇന്‍കാര്‍ ഡൈനിങ്) കഴിക്കാം. കൃഷ്ണപുരം ആഹാര്‍ റസ്റ്റോറന്റില്‍ ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനംചെയ്തു. വാഹനത്തിലിരുന്നു കഴിക്കുന്നതിനുവേണ്ടി ഡൈനിങ് ട്രേകള്‍ സജ്ജമാക്കിയിട്ടുണ്ട്. 

വാഹനം പാര്‍ക്കിങ് സ്ഥലത്തു നിര്‍ത്തിയിട്ടാല്‍ ഉടന്‍ ജീവനക്കാരെത്തി ഓര്‍ഡര്‍ എടുക്കും. ഭക്ഷണംവെക്കാന്‍ വാഹനത്തില്‍ ഡൈനിങ് ട്രേകള്‍ നല്‍കും. ഒരുസമയത്ത് 25 വാഹനങ്ങളില്‍വരെ ഭക്ഷണംനല്‍കാനുള്ള സൗകര്യം കൃഷ്ണപുരത്തുണ്ട്. ഇവിടെ 30 വാഹനത്തോളം പാര്‍ക്കുചെയ്യാനും കഴിയും.

ആദ്യഘട്ടത്തില്‍ കൃഷ്ണപുരം, കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂര്‍ ധര്‍മശാല എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. ആഹാര്‍ റസ്റ്റോറന്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു 11 ആഹാര്‍ റസ്റ്റോറന്റുകളില്‍ക്കൂടി ഇന്‍കാര്‍ ഡൈനിങ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

യു. പ്രതിഭ എം.എല്‍.എ., കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികല, ബിനു അശോക് എന്നിവര്‍ പങ്കെടുത്തു.

Content Highlights: Car Dining Facility In KTDC Restaurant