മിഴ്നാട്ടില്‍ പുതിയ വാഹനങ്ങള്‍ക്ക്, സമ്പൂര്‍ണ പരിരക്ഷ നല്‍കുന്ന ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അടുത്തമാസം ഒന്നുമുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കാണ് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്.

വാഹനങ്ങള്‍ക്കും അതില്‍ യാത്രചെയ്യുന്നവര്‍ക്കും അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ള മൂന്നാം കക്ഷിക്കും പരിരക്ഷ നല്‍കുന്നതാണ് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍. അഞ്ചുവര്‍ഷം മുമ്പുനടന്ന അപകടത്തില്‍ 14.65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ട്രിബ്യൂണല്‍ വിധിക്കെതിരേ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്. വൈദ്യനാഥന്റെ ഉത്തരവ്. 

ഇന്‍ഷുറന്‍സ് പോളിസിയനുസരിച്ച് അപകടത്തില്‍പ്പെട്ട വാഹനത്തിനുമാത്രമാണ് പരിരക്ഷയുണ്ടായിരുന്നതെന്നും അതില്‍ യാത്ര ചെയ്യുന്നവര്‍ക്കല്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. ഇത് അംഗീകരിച്ച കോടതി, വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ കമ്പനിയോ ഡീലര്‍മാരോ ഇന്‍ഷുറന്‍സ് സംബന്ധിച്ച് വിശദീകരിക്കാറില്ലെന്നും വാഹനം വാങ്ങുന്നവരും ഇതേക്കുറിച്ചറിയാന്‍ ശ്രമിക്കാറില്ലെന്നും ചൂണ്ടിക്കാട്ടി. 

നഷ്ടപരിഹാരം നല്‍കാനുള്ള ട്രിബ്യൂണല്‍ ഉത്തരവ് കോടതി റദ്ദാക്കി. വാഹനം വാങ്ങുന്നവര്‍ ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചറിയാന്‍ താത്പര്യപ്പെടാറില്ല. വാഹനങ്ങളുടെ ഗുണമേന്മയില്‍ ശ്രദ്ധിക്കുന്നവര്‍ ഇന്‍ഷുറന്‍സ് കാര്യങ്ങളറിയാന്‍ ശ്രമിക്കുന്നില്ല. വലിയ വില നല്‍കി വാഹനം വാങ്ങുമ്പോള്‍ തുച്ഛമായ തുക ചെലവാക്കി മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാത്തത് ദുഃഖകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 

അടുത്തമാസം ഒന്നുമുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ പോളിസി നിര്‍ബന്ധമാക്കാനും ഇക്കാര്യം എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളെയും അറിയിക്കാനും സംസ്ഥാന ഗതാഗതവകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഉത്തരവ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഹര്‍ജി അടുത്തമാസം 30-ന് വീണ്ടും പരിഗണിക്കും.

Content Highlights: Car Bumper To Bumper Insurance For New Vehicle Made Mandatory