വൈദ്യുത വാഹനങ്ങള്‍ക്കായി ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 250 ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ചാര്‍ജ് മോഡ്' എന്ന സ്റ്റാര്‍ട്ട്അപ്പ്. ചാര്‍ജിങ് മെഷീന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ.) യുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ സ്റ്റാര്‍ട്ട്അപ്പ് കോഴിക്കോട്, അങ്കമാലി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഏതാനും ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.

കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ രാമന്‍ ഉണ്ണി, ക്രിസ് തോമസ്, വി. അനൂപ്, സി. അദ്വൈത് എന്നീ നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് 2018-ല്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പാണ് ചാര്‍ജ് മോഡ്. ഏറ്റവും അടുത്തുള്ള വൈദ്യുത വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ അറിയാനും ബുക്ക് ചെയ്യാനും എത്രത്തോളം ചാര്‍ജ് ബാക്കിയുണ്ടെന്നും എത്രത്തോളം ചാര്‍ജ് കയറിയെന്നും അറിയാനും പണം അടയ്ക്കാനും സഹായിക്കുന്ന സോഫ്റ്റ്വേറാണ് സംരംഭം ആദ്യം വികസിപ്പിച്ചത്. 

എന്നാല്‍, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലല്ല ചാര്‍ജിങ് കേന്ദ്രങ്ങള്‍ എന്ന് തിരിച്ചറിഞ്ഞാണ് ഇവര്‍ ഹാര്‍ഡ്വേര്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ 2019 അവസാനത്തോടെ കോഴിക്കോടാണ് ആദ്യ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചത്. റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് അധിക വരുമാനത്തിന് അവസരം നല്‍കിക്കൊണ്ടാണ് സംരംഭം ഇപ്പോള്‍ കുറഞ്ഞ ചെലവില്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നത്. 

25,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ മുതല്‍മുടക്കില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് ചാര്‍ജ് മോഡ് കോ ഫൗണ്ടറും സി.ഇ.ഒ.യുമായ എം. രാമനുണ്ണി പറഞ്ഞു. വൈദ്യുതിയില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും കാറുകള്‍ക്കുമായി 355 രൂപ മുതലുള്ള ചാര്‍ജിങ് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ചാര്‍ജ് തീരുന്ന മുറയ്ക്ക് 119 രൂപ മുതല്‍ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Content Highlights: Calicut Based Start Up Charge Mode Starts 250 EV Charging Unit Across Kerala