രാജ്യം വൈദ്യുതിവാഹനങ്ങളിലേക്ക് ചേക്കേറുമ്പോള്‍ പ്രയോജനപ്പെടുത്താന്‍ കേബിള്‍ നിര്‍മാണക്കമ്പനികളും. വൈദ്യുതിവാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ കുറയുന്നതോടൊപ്പം കട്ടികൂടിയ ചെമ്പുകേബിളുകളുടെ ഉപഭോഗം വന്‍തോതില്‍ വര്‍ധിക്കും.

നിലവില്‍ പ്രതിവര്‍ഷം 53000 കോടിയുടെ ഇന്ത്യന്‍ കേബിള്‍ നിര്‍മാണമേഖല നാലുവര്‍ഷത്തിനിടെ ഒരുലക്ഷം കോടിയിലെത്തുെമന്നാണ് കണക്ക്. അതേസമയം ഓട്ടോമൊബൈല്‍ നിര്‍മാണ യൂണിറ്റുകള്‍ തകര്‍ച്ചയും നേരിടും. കേബിള്‍ നിര്‍മാതാക്കളുടെ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

ബാറ്ററിവാഹനങ്ങള്‍ക്ക് ഇന്ധനാധിഷ്ഠിത വാഹനങ്ങളുടെ യന്ത്രഭാഗങ്ങളുടെ പത്തിലൊന്ന് ഭാഗങ്ങള്‍ മാത്രമാണുള്ളത്. ബാറ്ററിയും കേബിളുകളുമാണ് വൈദ്യുതിവാഹനങ്ങളുടെ അടിസ്ഥാനഭാഗങ്ങള്‍. ശേഷി കൂടിയ കേബിളുകളാണ് വൈദ്യുതിവാഹനങ്ങള്‍ക്ക് ആവശ്യം. 

പലവിധത്തിലുള്ള കേബിളുകള്‍ സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം. ഇത്തരം സംയോജനഭാഗങ്ങളും കേബിളുകളും നേരിട്ട് നിര്‍മിക്കുന്നതിന് ഏറെ നിക്ഷേപം ആവശ്യമുള്ളതിനാല്‍ വൈദ്യുതിവാഹന നിര്‍മാണക്കമ്പനികള്‍ നിലവിലുള്ള േകബിള്‍ നിര്‍മാണക്കമ്പനികളെയാണ് ആശ്രയിക്കാന്‍ സാധ്യതയുള്ളത്.

വൈദ്യുതിവാഹനങ്ങള്‍ക്ക് മാത്രമല്ല, അവ ആശ്രയിക്കുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനും ഏറെ കേബിള്‍ ആവശ്യമുണ്ട്. ഇവയെല്ലാംതന്നെ ശേഷിയേറിയ കേബിളുകളായിരിക്കണം. 

നിലവിലെ കമ്പനികള്‍ വാഹനരംഗത്തിനാവശ്യമായ നിര്‍മാണത്തിലേക്ക് നീങ്ങുന്നതോടെ വൈദ്യുതീകരണത്തിന് ആവശ്യമായ കേബിളുകളുെട അഭാവമുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ഇത് വിലക്കയറ്റത്തിനും കാരണമായേക്കാം.

Content Highlights: Cable Manufacturing Companies Welcomes Electric Vehicles.