ചൈനയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി ഓട്ടോ ഇലക്ട്രിക് കാര്‍ഗോ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നു. ഇന്ത്യന്‍ കമ്പനിയായ ഇടിഒ മോട്ടോഴ്‌സുമായി കൈകോര്‍ത്താണ് ബിവൈഡിയുടെ കാര്‍ഗോ വാഹനങ്ങള്‍ വിപണിയിലേക്കെത്തുക. നിലവില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബിവൈഡിയുടെ ഇ-ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒലെക്ട്രാ ഗ്രീന്‍ടെകുമായി ചേര്‍ന്നാണ് ഇലക്ട്രിക് ബസുകള്‍ ബിവൈഡി ഇന്ത്യന്‍ നിരത്തിലേക്കെത്തിച്ചത്. ഈ ബസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യത്തെ കാര്‍ഗോ വാഹന വിപണിയിലേക്കും ബിവൈഡി പ്രവേശിക്കുന്നത്. ഇതിനായി ഇടിഒ മോട്ടോഴ്‌സുമായി പരസ്പര ധാരണയില്‍ ബിവൈഡി കരാറും ഒപ്പിട്ടുകഴിഞ്ഞു. 

മുച്ചക്ര ഇലക്ട്രിക് കാര്‍ഗോ വാഹനങ്ങളും നാല് ചക്ര ഇലക്ട്രിക് വാഹനങ്ങളും ഇങ്ങോട്ടെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചൈനയില്‍നിന്ന് കിറ്റ് ഇറക്കുമതി ചെയ്ത ശേഷം ഇടിഒ മോട്ടോഴ്‌സിന്റെ ഹൈദരാബാദിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനത്തിന്റെ അസംബിള്‍ ജോലികള്‍ നടക്കുക. നിലവില്‍ 50 T3 ഫോര്‍ വീല്‍ ഇലക്ട്രിക് കാര്‍ഗോ മോഡലുകള്‍ക്ക് ഇടിഒ മോട്ടോഴ്‌സ് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 20 സിറ്റികളിലായി ഇത്തരത്തില്‍ 4000 ഇലക്ട്രിക് കാര്‍ഗോ വാഹനങ്ങള്‍ എത്തിക്കാനാണ് ഇടിഒ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.

Content Highlights; BYD auto signs agreement with ETO motors for their electric cargo vehicles, BYD electric cargo vehicles coming soon