കോടതിനിര്‍ദേശം പുറത്തുവന്നതോടെ കൂടിയനിരക്ക് ഈടാക്കി കുറച്ച് സ്വകാര്യ ബസുകള്‍ മാത്രം ബുധനാഴ്ച ഓടി. സാമൂഹിക അകലം പാലിച്ച് യാത്ര വേണമെന്നാണ് നിര്‍ദേശമെങ്കിലും വൈകുന്നേരമായപ്പോള്‍ ബസുകളില്‍ വലിയ തിരക്കായി. തിങ്ങിനിറഞ്ഞാണ് ബസുകളില്‍ യാത്രക്കാര്‍ നിന്നിരുന്നത്. ചോദിക്കാനും പറയാനും അധികൃതര്‍ എത്താത്തതിനാല്‍ ബസുകള്‍ യാത്രക്കാരെ കുത്തിനിറച്ച് ഓടുകയായിരുന്നു.
കൊച്ചി നഗരത്തിലേക്ക് തൊഴില്‍തേടി പോകുന്ന ആയിരങ്ങള്‍ യാത്രചെയ്യാന്‍ കഴിയാതെ ബുധനാഴ്ചയും വലഞ്ഞു. ഭൂരിപക്ഷം പേര്‍ക്കും ജോലിക്ക് പോകാനായില്ല. പടിഞ്ഞാറന്‍ കൊച്ചിയില്‍ വിരലിലെണ്ണാവുന്ന ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. രാവിലെ വലിയ തിരക്കുണ്ടായില്ലെങ്കിലും വൈകീട്ട് നല്ല തിരക്കായി. ജോലിക്ക് പോയവര്‍ക്കെല്ലാം മടങ്ങിവരുന്നതിന് യാത്രാ സംവിധാനമുണ്ടായിരുന്നില്ല. ദീര്‍ഘനേരം കാത്തുനിന്നവര്‍ പിന്നീട് കിട്ടിയ ബസുകളില്‍ കയറിക്കൂടി.
രണ്ടുപേര്‍ക്ക് ഇരിക്കാനുള്ള സീറ്റില്‍ ഒരാള്‍ യാത്ര ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. അതിനാണ് നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചത്. പിന്നീട് എല്ലാ സീറ്റുകളിലും യാത്രചെയ്യാന്‍ അനുമതി നല്‍കി. നിരക്ക് പഴയ രീതിയിലാക്കുകയും ചെയ്തു. ഇതിനെതിരേയാണ് ബസുടമകള്‍ കോടതിയെ സമീപിച്ചത്. സാമൂഹ്യ അകലം പാലിച്ചുള്ള യാത്രയ്ക്ക് സര്‍ക്കാര്‍ ആദ്യം നിര്‍ദേശിച്ച രീതിയില്‍ വര്‍ധിപ്പിച്ച ചാര്‍ജ് തുടരാനാണ് കോടതി നിര്‍ദേശിച്ചത്.
എന്നാല്‍, ബുധനാഴ്ച ഓടിയ ബസുകള്‍ കോടതി നിര്‍ദേശപ്രകാരം, കൂടിയ നിരക്ക് യാത്രക്കാരില്‍നിന്ന് ഈടാക്കി. സാമൂഹ്യ അകലം എന്ന നിര്‍ദേശം കാറ്റില്‍ പറത്തുകയും ചെയ്തു. ഫലത്തില്‍ യാത്രയൊക്കെ പഴയപടിയായി. നിരക്ക് 50 ശതമാനം കൂട്ടുകയും ചെയ്തു. സര്‍ക്കാരിന്റെ ഇടപെടലും കോടതിയുടെ നിര്‍ദേശവുമൊക്കെ സാധാരണ തൊഴിലാളികളുടെ നടുവൊടിക്കുകയാണ്. നിവൃത്തിയില്ലാത്തതിനാല്‍ കൂടിയ ചാര്‍ജ് നല്‍കി, ശ്വാസംമുട്ടുന്ന വിധത്തില്‍ ബസില്‍ തൂങ്ങിനിന്ന് യാത്രചെയ്യുകയാണ് തൊഴിലാളികള്‍.
കോടതി ഉത്തരവ് കിട്ടാത്തതിനാലാണ് ബുധനാഴ്ച എല്ലാ ബസുകളും ഓടാതിരുന്നതെന്ന് ബസുടമകള്‍ പറയുന്നുണ്ട്. വ്യാഴാഴ്ച മുതല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങുമെന്നാണ് സൂചന. അപ്പോഴും സാമൂഹ്യ അകലം പാലിക്കുന്ന കാര്യത്തില്‍ ബസ് ജീവനക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുമെന്ന് കരുതാനാവില്ല. അതിന് പോലീസും മോട്ടോര്‍ വാഹന വകുപ്പുമാണ് ഇടപെടേണ്ടത്.
ആദ്യദിവസങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാതെ യാത്ര അനുവദിച്ച ബസുകളിലെ ജീവനക്കാര്‍ക്കെതിരേ പോലീസ് നടപടിയുണ്ടായി. പല ജീവനക്കാര്‍ക്കും വലിയ തുക പിഴ അടയ്‌ക്കേണ്ടി വന്നു. അതുകൊണ്ട് പരിധിവിട്ട് യാത്രക്കാരെ കയറാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ബുധനാഴ്ച ഒരു ബസിലും പോലീസ് പരിശോധന ഉണ്ടായില്ല. മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുമില്ല. രോഗം വ്യാപിക്കുന്നതിനിടയില്‍ സ്വകാര്യ ബസുകളിലെ തിക്കിത്തിരക്കിയുള്ള യാത്ര വലിയ വിപത്തിന് വഴിതുറക്കും.
വര്‍ധിപ്പിച്ച നിരക്ക് ഈടാക്കുന്ന ബസുകളില്‍ സാമൂഹിക അകലം പാലിച്ചുള്ള യാത്ര ഉറപ്പാക്കണമെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പത്മനാഭ മല്യ ആവശ്യപ്പെട്ടു. എല്ലാ ബസുകളും നിരത്തിലിറക്കി, സര്‍വീസ് നടത്തുമെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.