പാലക്കാട്-തൃശ്ശൂര്‍ റൂട്ടില്‍ വീണ്ടും സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസ പ്രകടനം. ഏകദേശം 15 കിലോമീറ്റര്‍ ദൂരമാണ് ബസ് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചുകൊണ്ട് ബസ് ഓടിച്ചത്. വലത് കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചും ഇടത് കൈകൊണ്ട് സ്റ്റിയറിങ്ങ് നീയന്ത്രിച്ചും ഗിയര്‍മാറ്റിയുമാണ് അയാള്‍ വാഹനം നിയന്ത്രിച്ചിരുന്നത്. 

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന സെന്റ് ജോസ് എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് അപകടകരമായ ഡ്രൈവിങ്ങ് നടത്തിയത്. പാലക്കാട് സ്റ്റാന്റില്‍ നിന്ന് ബസ് എടുത്തപ്പോള്‍ മുതല്‍ 15 കിലോമീറ്റര്‍ മാറിയുള്ള ചിതലിയെന്ന സ്ഥലം വരെ ഡ്രൈവര്‍ മൊബൈലില്‍ നോക്കിയാണ് ബസ് ഓടിച്ചതെന്നാണ് യാത്രക്കാരന്‍ പറയുന്നത്. 

ചൊവ്വാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. ബസിലെ ഒരു യാത്രക്കാരന്‍ തന്നെയാണ് ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയത്. ഇതേ തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആര്‍ടിഒയ്ക്ക് യാത്രക്കാരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവറിനെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നാണ് 2019-ലെ കേന്ദ്രമോട്ടോര്‍വാഹനനിയമഭേദഗതിയില്‍ പറയുന്നത്. ഇത് അപകടകരമായ ഡ്രൈവിങ്ങായാണ് പറയുന്നത്. ഇതിന് 2000 രൂപയും സാമൂഹികസേവനവുമാണ് ശിക്ഷ. അതേസമയം, കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപയും സാമൂഹികസേവനവും.

ബ്ലൂടൂത്ത് വഴിയാണെങ്കില്‍ പോലും ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കേന്ദ്രഉപരിതലഗതാഗതമന്ത്രാലയത്തിന്റെ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനിലാണ് ഈ വ്യവസ്ഥ. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ മാത്രമല്ല മറ്റുള്ള ആശയവിനിമയസംവിധാനങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്ന് 37-ാം ഭേദഗതിയില്‍ പറയുന്നു.

പുത്തന്‍തലമുറ വാഹനങ്ങളുമായി മൊബൈല്‍ഫോണ്‍ ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവയില്‍ സെന്‍ട്രല്‍കണ്‍സോളിലെ ടച്ച് സ്‌ക്രീനിലൂടെ മൊബൈല്‍ഫോണ്‍ നിയന്ത്രിക്കാം. കോള്‍ചെയ്യാനും സ്വീകരിക്കാനും കഴിയും. മൊബൈല്‍ഫോണോ ഹെഡ്‌സെറ്റോ എടുക്കാതെ സംസാരിക്കാം. വാഹനത്തിലെ സ്റ്റീരിയോസംവിധാനം ഇതിനുപയോഗിക്കാം.

Content Highlights: Bus Driver Use Mobile While Driving In Palakkad