ലോക്ഡൗണിനുശേഷം കണ്ടക്ടര്‍മാര്‍ക്ക് മുഖാവരണത്തിനൊപ്പം ഫേസ് ഷീല്‍ഡും നിര്‍ബന്ധമാക്കും. മുഖാവരണം ധരിച്ചതുകൊണ്ടുമാത്രം രോഗവ്യാപനം തടയാനാകില്ല എന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നടപടി. ഓരോ 15 മിനിറ്റ് കൂടുമ്പോഴും കണ്ടക്ടര്‍മാര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഓര്‍ഡിനറി ബസുകളിലെ കണ്ടക്ടര്‍മാര്‍ ദിവസം 1000 യാത്രക്കാരുമായി ഇടപഴകേണ്ടിവരുന്നുണ്ട്. യാത്രക്കാരോട് അടുത്ത് നില്‍ക്കേണ്ടിവരും. ടിക്കറ്റ്, പണം എന്നിവ കൈമാറേണ്ടിവരുന്നതും രോഗവ്യാപനസാധ്യത കൂട്ടും.

പൊതുവാഹനങ്ങളില്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇത്തരം വാഹനങ്ങളിലെ യാത്രക്കാരുടെ വിവരശേഖരണം സാധ്യമല്ല. അതിനാല്‍ രോഗികളുടെ റൂട്ട്മാപ്പ് തയ്യാറാക്കുക അസാധ്യമാണ്. രോഗം പിടിപെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ് കണ്ടക്ടര്‍മാരുള്ളത്.

തദ്ദേശീയമായി ചില സ്ഥാപനങ്ങള്‍ ഫേസ് ഷീല്‍ഡ് നിര്‍മിക്കുന്നുണ്ട്. ഇവയ്ക്കാപ്പം പുനരുപയോഗിക്കാന്‍ കഴിയുന്ന തുണി മാസ്‌കുകളും നല്‍കാനാണ് പദ്ധതി. സംസ്ഥാനത്ത് 14,000 സ്വകാര്യബസുകളാണുള്ളത്. മിക്കവയിലും രണ്ട് കണ്ടക്ടര്‍മാര്‍വീതമുണ്ട്. ഫേസ് ഷീല്‍ഡുകള്‍ പുനരുപയോഗിക്കാന്‍ കഴിയുന്നവയാണ്. ഒരു സെറ്റ് ഫേസ് ഷീല്‍ഡിനും മാസ്‌കിനും പരമാവധി 7080 രൂപയാകുമെന്നാണ് പ്രാഥമിക നിഗമനം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ ആര്‍.ടി.ഒ.മാര്‍ക്കും അഞ്ചുലക്ഷം രൂപവീതം അനുവദിച്ചിരുന്നു. പൊതുവാഹനങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ക്കും ഇതില്‍നിന്ന് തുക വിനിയോഗിക്കാം. ഓട്ടോ ഡ്രൈവര്‍മാരും ഫേസ് ഷീല്‍ഡ് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതും പരിഗണനയിലുണ്ട്.

Content Highlights: Bus Conductors Should Wear Mask and Face Shield After Lock Down