സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി തമിഴ്നാട്ടില്‍ ബസ് കണ്ടക്ടര്‍മാരുടെ അധികാരത്തില്‍ മാറ്റംവരുത്തുന്നു. സ്ത്രീകളെ ശല്യംചെയ്യുന്ന യാത്രക്കാരെ ഇറക്കിവിടാനും പോലീസിലേല്‍പ്പിക്കാനും കണ്ടക്ടര്‍ക്ക് അധികാരം നല്‍കുന്ന മോട്ടോര്‍വാഹനനിയമ ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതിന്റെ കരട് രൂപം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

ബസില്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടും മോശമായി പെരുമാറുകയോ അവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയോ ചെയ്യുന്നവരെ വഴിയില്‍ ഇറക്കിവിടാന്‍ ഭേദഗതിയിലൂടെ കണ്ടക്ടര്‍മാര്‍ക്ക് അധികാരം ലഭിക്കും. അതല്ലെങ്കില്‍ ശല്യക്കാരെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനും അധികാരമുണ്ടാകും. 

നടപടിയെടുക്കുന്നതിനുമുമ്പ് ബസിലെ മറ്റു യാത്രക്കാരോട് അന്വേഷിച്ച് ആരോപണം ശരിയാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. സ്ത്രീയാത്രക്കാരോട് അവരുടെ യാത്രാ ഉദ്ദേശ്യത്തെക്കുറിച്ച് അനാവശ്യചോദ്യങ്ങള്‍ പാടില്ല. മറ്റു യാത്രക്കാരോട്, പ്രത്യേകിച്ച് സ്ത്രീകളോട് മോശമായി ഇടപെടരുത്. 

ബസില്‍ കയറാനും ഇറങ്ങാനും സഹായിക്കുന്നുവെന്നപേരില്‍ സ്ത്രീയാത്രക്കാരെ അനാവശ്യമായി സ്പര്‍ശിക്കരുത്. യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ പെരുമാറരുത്. ബസില്‍ പരാതിപുസ്തകം സൂക്ഷിക്കണമെന്നും കരട് രേഖയില്‍ പറയുന്നു.

Content Highlights: Tamil Nadu Government gives more responsibility to bus employees with emphasis on women's safety