എത്ര അപകടങ്ങള്‍ ഉണ്ടായാലും നിരത്തുകളില്‍ ഇന്നും തുടരുന്ന ഒന്നാണ് പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം. ഇത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ എത്രി ബോധവത്കരണം നടത്തിയിട്ടും ചിലരെ ഇതൊന്നും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
സംഭവം രണ്ട് ബസുകളുടെ മത്സരയോട്ടമാണ്. പിന്നിലുണ്ടായിരുന്ന ബസ് മുന്നിലെ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാല്‍, ഒരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ എതിരേ വാഹനമില്ലെന്ന് ഉറപ്പുവരുത്തണമെന്ന പ്രാഥമിക ട്രാഫിക് നിയമം പോലും പാലിക്കാതെയാണ് ബസ് ഡ്രൈവറുടെ നിരത്തിലെ ഈ പ്രകടനം.
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരേ വന്ന കാര്‍ രണ്ട് ബസുകള്‍ക്ക് ഇടയില്‍ കൂടി കടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. കാറിന് കടന്നു പോകുന്നതിനായി ബസ് വലത് വശത്തേക്ക് കൂടുതല്‍ മാറ്റുന്നതും വീഡിയോയില്‍ കാണാം. ഓവര്‍ടേക്ക് ചെയ്യപ്പെട്ട ബസിലെ യാത്രക്കാരാണ് ഈ സാഹസികതയുടെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
നിരത്തില്‍ മാസ് പ്രകടനമായിരുന്നെങ്കിലും ക്ലൈമാക്‌സില്‍ ബസിന്റെ ഡ്രൈവറിന് പണി കിട്ടിയിട്ടുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബസിന്റെ ഡ്രൈവറിനെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോട്ടയം ജില്ലയിലാണ് സംഭവം നടന്നതെന്നാണ് സൂചന.
Content Highlights: Bus Competition; Dangerous Driving By Bus Drivers, MVD Kerala