ഞ്ചുവര്‍ഷത്തേക്ക് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കിയതോടെ തമിഴ്നാട്ടില്‍ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പ്രതിസന്ധിയില്‍. കാര്‍, ഇരുചക്രവാഹനം എന്നിവയുടെ രജിസ്ട്രേഷനാണ് ത്രിശങ്കുവിലായത്. കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും അഞ്ചുവര്‍ഷത്തേക്കുള്ള ബമ്പര്‍ ടു ബമ്പര്‍ പോളിസി ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. 

പുതിയ പോളിസികള്‍ പുറത്തിറക്കാന്‍ കാലതാമസം വരുന്നതിനാല്‍ അടുത്ത ഒരാഴ്ച രജിസ്ട്രേഷന്‍ മുടങ്ങുന്ന സ്ഥിതിയാണ്. മദ്രാസ് ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് തമിഴ്നാട്ടില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ പോളിസി വേണമെന്നാണ് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. 

വാഹനങ്ങള്‍ക്കും അതില്‍ യാത്രചെയ്യുന്നവര്‍ക്കും അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ള മൂന്നാം കക്ഷിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്നാണ് കോടതിയുടെ നിരീക്ഷണം. ബമ്പര്‍ ടു ബമ്പര്‍ പോളിസിയില്‍ അപകടത്തില്‍പ്പെടുന്ന വാഹനത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പുതിയ പോളിസികള്‍ തയ്യാറാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

എന്നാല്‍, ഇതിനുള്ള നിരക്ക് നിശ്ചയിക്കുന്നതിന് അടക്കമുള്ള പഠനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും കൂടുതല്‍സമയം വേണ്ടിവരുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ പറയുന്നത്. ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നടത്താന്‍ പാടില്ലെന്നാണ് ഗതാഗതവകുപ്പ് ആര്‍.ടി. ഓഫീസുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Content Highlights: Bumper To Bumper Insurance For Car and Bike, Vehicle Registration. Tamilnadu