ന്ത്യന്‍ നിരത്തുകളിലെ ഏറ്റവും പുതിയ വാഹനശ്രേണിയാണ് ക്വാഡ്രിസൈക്കിള്‍. 2018-ലാണ് ഈ വാഹനത്തെ ഗതാഗത മാര്‍ഗമായി സര്‍ക്കാര്‍ അംഗീരിച്ചത്. അതുകൊണ്ടുതന്നെ ഈ വാഹനം ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നത് സംബന്ധിച്ച വ്യക്തതയില്ലായിരുന്നു. എന്നാല്‍, ഇത് എല്‍ കാറ്റഗറിയില്‍ വരുന്ന വാഹനമാണെന്നും ബിഎസ്-6 എന്‍ജിനിലേക്ക് മാറണമെന്നുമാണ് കേന്ദ്ര നിര്‍ദേശം.

ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ മുതല്‍ ഇത് എല്‍, എം, എന്‍ എന്നീ മൂന്ന് കാറ്റഗറിയിലുള്ള വാഹനങ്ങള്‍ക്കും ബാധകമാണ്. യുറോപ്യന്‍ സ്റ്റാന്റേഡ് അനുസരിച്ചുള്ള എമിഷനാണ് ബിഎസ്-6 എന്‍ജിനില്‍ പാലിച്ചിരിക്കുന്നത്. ഇത് ക്വാഡ്രിസൈക്കിളിനും ബാധകമാണെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള നിര്‍ദേശത്തിലുള്ളത്.

2018-ല്‍ അവതരിപ്പിച്ച ക്വാഡ്രിസൈക്കിള്‍ കഴിഞ്ഞ വര്‍ഷമാണ് സ്വകാര്യ ഉപയോഗങ്ങള്‍ക്ക് അനുമതി നല്‍കിയത്. ടാക്‌സി വാഹനമായി മാത്രമെത്തിയിരുന്ന ഈ വാഹനത്തിന് കേന്ദ്ര ഗതാഗത വകുപ്പാണ് ക്വാഡ്രി സൈക്കിളുകള്‍ സ്വകാര്യ വാഹനങ്ങള്‍ അല്ലെങ്കില്‍ പാസഞ്ചര്‍ വാഹനമായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. ബജാജിന്റെ ക്യൂട്ടാണ് ഈ ശ്രേണിയിലുള്ള ഏക വാഹനം.

ഓട്ടോയിക്കും കാറിനുമിടയില്‍ വരുന്ന വാഹനശ്രേണിയാണ് ക്വാഡ്രിസൈക്കിള്‍. ഓട്ടോയുടെ വലിപ്പവും കാറിലേതുപോലെ നാല് ടയറും ഹാര്‍ഡ് ടോപ്പുമാണ് മാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ക്വാഡ്രി സൈക്കിള്‍ ശ്രേണിയിലെത്തുന്ന വാഹനങ്ങളില്‍ 800 സിസിയില്‍ താഴെ കരുത്തുള്ള എന്‍ജിന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശമുണ്ട്. 

ഗതാഗത വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങളും മലിനീകരണം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും പാലിക്കണമെന്ന് ക്വാഡ്രി സൈക്കിള്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറുകളെ അപേക്ഷിച്ച് കൂടുതല്‍ മൈലേജും കുറഞ്ഞ മലിനീകരണവുമാണ് ക്വാഡ്രിസൈക്കിള്‍ ഉറപ്പാക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഏക ക്വാഡ്രിസൈക്കിളായ ബജാജ് ക്യൂട്ടിന് മൂന്ന് ലക്ഷം രൂപയില്‍ താഴെയാണ് വില.

Content Highlights: BS-6 Engine For Quadricycles In India