ലണ്ടൻ: ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ടാറ്റ മോട്ടോഴ്‌സിന്റെ ജാഗ്വര്‍ ലാൻഡ് റോവറും പ്രതിസന്ധിയിലായിരിക്കുകയാണ്. 

ബ്രെക്സിറ്റ് ഫലം പുറത്തുവന്ന ഉടന്‍ ഓഹരിയില്‍ 10 ശതമാനം നഷ്ടമാണ് ടാറ്റ മോട്ടോഴ്‌സിനുണ്ടായത്. ജാഗ്വര്‍ ലാൻഡ് റോവറിന്റെ വിൽപനയിലൂടെയാണ് ടാറ്റ മോട്ടോഴ്‌സ് 90 ശതമാനം ലാഭവും ഉണ്ടാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും  വരുന്നത് യൂറോപ്യന്‍ വിപണിയിൽ നിന്നാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപിരിയുന്നതോടെ ഭാവിയിൽ ബിസിനസിൽ വലിയ ഇടിവുണ്ടാകുമെന്ന ആശങ്കയും ടാറ്റയ്ക്ക് ഉണ്ട്. അത് കമ്പനിയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കുമെന്ന ആശങ്കയും അവർക്കുണ്ട്.  ജാഗ്വർ ലാൻഡ് റോവറിന്റെ 44 ശതമാനം വാഹനങ്ങളും ബ്രിട്ടനിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുമാണ് വിൽപന നടത്തുന്നത്.  എന്നാൽ, നിലവിൽ കമ്പനി കാര്യമായ വെല്ലുവിളി നേരിടുന്നില്ലെന്നും ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂവെന്നുമാണ് ടാറ്റയുടെ ഔദ്യോഗിക വിശദീകരണം.

ടാറ്റയുടെ മാത്രമല്ല, ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന 15 ശതമാനത്തിലേറെ വാഹനങ്ങളും യൂറോപ്യന്‍ യൂണിയനിലുള്ള മറ്റു രാജ്യങ്ങളിലാണ് വില്‍പ്പന നടത്തിയിരുന്നത്. വാഹനങ്ങളുടെ നിര്‍മാണത്തിനായി 40 ശതമാനത്തോളം ആശ്രയിക്കുന്നതും യൂണിയനില്‍പ്പെട്ട മറ്റു രാജ്യങ്ങളെ തന്നെ. എന്നാല്‍ ബ്രിട്ടൻ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ വിപണിയിൽ മാത്രമല്ല, നിര്‍മാണത്തിലും ബ്രിട്ടിഷ് കമ്പനികൾ വലിയ പ്രതിസന്ധി നേരിടും. 800 ഇന്ത്യന്‍ കമ്പനികളാണ് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നത്‌. നിലവിലെ സാഹചര്യത്തില്‍ വിവിധ കമ്പനികളിലെ ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയും ശക്തമാണ്.

തീവ്ര യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ കക്ഷിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ ഉദയമാണ് ഹിത പരിശോധനയിലേക്ക് ബ്രിട്ടനെ നയിച്ചത്.