പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍.) വൈദ്യുത വാഹന രംഗത്തേക്ക് കടന്നു. ഇ-റിക്ഷകള്‍ക്കും ഇ-ഓട്ടോകള്‍ക്കും ചാര്‍ജ് ചെയ്ത ബാറ്ററി കൈമാറുന്ന ഇ-ഡ്രൈവ് എന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചത്.

ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ബി.പി.സി.എല്‍. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡി. രാജ്കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കൈനറ്റിക് ഗ്രീന്‍ എം.ഡി. സുലജ്ജ ഫിരോദിയ, ഐ.ഐ.ടി. ചെന്നൈയിലെ െപ്രാഫ. ജുന്‍ജുന്‍വാല തുടങ്ങിയവര്‍ പങ്കെടുത്തു.

കൈനറ്റിക് ഗ്രീനിന്റെയും ഐ.ഐ.ടി. ചെന്നൈയുടെയും സഹകരണത്തോടെയാണ് പദ്ധതി. ആദ്യഘട്ടത്തില്‍ കൊച്ചിയിലും ലഖ്നൗവിലുമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

പദ്ധതിപ്രകാരം ബി.പി.സി.എല്‍. ഔട്ട്ലെറ്റുകളില്‍ നിന്ന് ചാര്‍ജ് ചെയ്ത ബാറ്ററികള്‍ മാറ്റി വാങ്ങാം. വാഹന ഉടമകള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള സമയം ലാഭിക്കാമെന്നതാണ് മെച്ചം. 

വാടകയ്ക്കാണ് വാഹനം ലഭിക്കുക. ഇതിനാല്‍ വൈദ്യുത വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള വന്‍ ചെലവും ഇല്ല. കൊച്ചിയില്‍ കൊച്ചി മെട്രോ ഓട്ടോറിക്ഷ തൊഴിലാളികളുടെ സൊസൈറ്റി അംഗങ്ങള്‍ക്കാണ് വാഹനം ലഭിക്കുക.

Content Highlights: BPCL Making Electric Vehicles