മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബെംഗളൂരു മെട്രോപ്പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (ബി.എം.ടി.സി.) വൈദ്യുത ബസുകള്‍ നിരത്തില്‍. വിധാന സൗധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വൈദ്യുതബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തില്‍ 40 ബസുകളാണ് ബി.എം.ടി.സി. പുറത്തിറക്കിയിരിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഇത്തരം ബസുകള്‍ ബി.എം.ടി.സി.ക്ക് സാമ്പത്തികമായി വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. 

ആദ്യഘട്ടത്തില്‍ മെട്രോ ഫീഡറുകളായാണ് ഈ ബസുകള്‍ സര്‍വീസ് നടത്തുക. ഇതോടൊപ്പം മലിനീകരണം കുറഞ്ഞ ഭാരത് ആറ് വിഭാഗത്തില്‍പെടുന്ന 150 ഡീസല്‍ ബസുകളും ബി.എം.ടി.സി. തിങ്കളാഴ്ച നിരത്തിലിറക്കി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും (എന്‍.ടി.പി.സി.) ജെ.ബി.എം. ഗ്രൂപ്പും ചേര്‍ന്നാണ് വൈദ്യുതബസുകള്‍ നിര്‍മിച്ച് ബി.എം.ടി.സി.ക്ക് കൈമാറിയത്. ആകെ 90 ബസുകളാണ് കമ്പനി കൈമാറുക. ജനുവരി അവസാന ആഴ്ചയോടെ ബാക്കിയുള്ള 50 ബസുകള്‍കൂടി ബെംഗളൂരൂവിലെത്തിക്കുമെന്ന് എന്‍.ടി.പി.സി. അറിയിച്ചു. 

ഒമ്പതുമീറ്റര്‍ നീളമുള്ള, 33 സീറ്റുകളുള്ള ബസുകളാണ് കമ്പനി ബി.എം.ടി.സി.ക്കുവേണ്ടി നിര്‍മിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയുറപ്പാക്കാന്‍ സി.സി.ക്യാമറകള്‍, സ്റ്റോപ്പുകളുടെ പേരെഴുതിക്കാണിക്കുന്ന എല്‍.ഇ.ഡി. റൂട്ട് ഡിസ്പ്ലേകള്‍, പാനിക് ബട്ടണ്‍, റൂട്ട് ട്രാക്കിങ് സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇത്തരം ബസുകളിലുണ്ട്. ഒരുദിവസം ഒരോ ബസും 180 കിലോമീറ്റര്‍ വീതം ഓടിക്കാന്‍ കഴിയും. വാടക അടിസ്ഥാനത്തിലാണ് ബസുകള്‍ സര്‍വീസ് നടത്തുക. 

പത്തുവര്‍ഷത്തേക്ക് ഡ്രൈവറെ നിയമിക്കേണ്ടതും ബസിന്റെ പരിപാലനവും എന്‍.ടി.പി.സി.യുടെ ചുമതലയാണ്. സര്‍വീസ് നടത്തുന്ന ഒരോ കിലോമീറ്ററിനും 51.67 രൂപയും വൈദ്യുതിയുമാണ് എന്‍.ടി.പി.സി.ക്ക് ബി.എം.ടി.സി. നല്‍കേണ്ടത്. ആദ്യഘട്ടത്തില്‍ മെട്രോ ഫീഡര്‍ സര്‍വീസുകളായാണ് ഇത്തരം ബസുകള്‍ ഓടുകയെങ്കിലും വിമാനത്താവളത്തിലേക്കുള്‍പ്പെടെയുള്ള സര്‍വീസുകളുടെ സാധ്യത ബി.എം.ടി.സി. പരിശോധിച്ചുവരികയാണ്. 

ബെംഗളൂരു സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും 50 കോടിരൂപയാണ് വൈദ്യുത ബസുകളുടെ നടത്തിപ്പിനായി നീക്കിവെച്ചിരിക്കുന്നത്. ഭാരത് സ്റ്റേജ് ആറ് വിഭാഗത്തില്‍പെടുന്ന 150 ഡീസല്‍ ബസുകളും തിങ്കളാഴ്ച നിരത്തിലിറങ്ങി. ആകെ 565 ഡീസല്‍ ബസുകളാണ് ബി.എം.ടി.സി. പുതുതായി വാങ്ങുന്നത്. ബാക്കിയുള്ള ബസുകള്‍ മൂന്നുമാസത്തിനുള്ളില്‍ നിരത്തിലിറങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights; BMTC starts Electric bus service in Bangalore city