ബി.എം.ടി.സി. വൈദ്യുതബസുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതി വൈകിയതിനെ തുടര്‍ന്ന് കേന്ദ്ര സബ്സിഡി നഷ്ടപ്പെട്ടതിന് പിന്നാലെ വീണ്ടും 100 വൈദ്യുതബസുകള്‍ വാങ്ങാനൊരുങ്ങി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.). ബസുകള്‍ക്കുള്ള സാമ്പത്തികച്ചെലവ് മുഴുവനായും സംസ്ഥാന സര്‍ക്കാരായിരിക്കും വഹിക്കുക.

കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ബസുകള്‍ പാട്ടത്തിനെടുക്കാന്‍ വിസമ്മതിച്ച ഗതാഗതമന്ത്രി ഡി.സി. തമ്മണ്ണ ബസുകള്‍ വാങ്ങുന്നകാര്യത്തില്‍ ഉറച്ചുനിന്നു. മാര്‍ച്ചില്‍ ബി.എം.ടി.സി. വൈദ്യുതബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ കരാര്‍ വിളിക്കുന്നതിനുള്ള സമയപരിധി നീട്ടുകയായിരുന്നു. 100 ബസുകള്‍ വാങ്ങുന്നതിനുള്ള നിര്‍ദേശം ബി.എം.ടി.സി. ഉടന്‍തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.

അതിനിടെ നഷ്ടമായ 80 കോടിയുടെ കേന്ദ്രസഹായം തിരികെ കൊണ്ടുവരുന്നതിനും ശ്രമംനടക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ പദ്ധതി (എഫ്.എ.എം.ഇ.) അനുസരിച്ച് മാര്‍ച്ച് 31-നുള്ളില്‍ വൈദ്യുതവാഹനങ്ങള്‍ ഇറക്കാത്തതിനാലായിരുന്നു സബ്സിഡി നഷ്ടമായത്. ബസുകള്‍ സ്വന്തമായി വാങ്ങണോ പാട്ടത്തിനെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമാകാത്തതായിരുന്നു കാരണം.

ഏതുവിധേനയും കേന്ദ്രസബ്സിഡി തിരികെ കൊണ്ടുവരാനാണ് ബി.എം.ടി.സി.യുടെ ശ്രമം. നഗരത്തിലെ എല്ലാ ബസുകളും വൈദ്യുതിയിലേക്കു മാറ്റിയാല്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാകുന്നതോടൊപ്പം ഓപ്പറേഷണല്‍ ചെലവും കുറയും. രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതബസുകള്‍ ആദ്യം നിരത്തിലിറക്കിയത് 2014-ല്‍ ബി.എം.ടി.സി.യായിരുന്നു. 

തുടര്‍ന്ന് 2016-ല്‍ 150 വൈദ്യുതബസുകള്‍ ഇറക്കാന്‍ ബി.എം.ടി.സി. ബോര്‍ഡ് അനുമതിനല്‍കുകയും ചെയ്തിരുന്നു. 2015-ലായിരുന്നു കേന്ദ്രം എഫ്.എ.എം.ഇ. പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങിയത്. ഹൈദരാബാദ് പോലുള്ള നഗരങ്ങളില്‍ എഫ്.എ.എം.ഇ. പദ്ധതി വൈദ്യുതബസുകള്‍ ഇറക്കിയതിനാല്‍ അവര്‍ക്ക് സബ്സിഡി ലഭിച്ചിരുന്നു.

Content Highlights: BMTC Bought 100 Electric Bus For Public Transport