ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ്‌ടെനര്‍ മെക്കാട്രോണിക്‌സ് സ്റ്റാര്‍ട്ടപ്പ് കമ്പനി ബ്ലൂആര്‍മര്‍ നിരയില്‍ പുതിയ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബ്ലുസ്‌നാപ്പിന്റെ പുതിയ പതിപ്പായി ബ്ലുസ്‌നാപ്പ്2 ഹെല്‍മറ്റ് കൂളറാണ് വിപണിയിലെത്തിയിരിക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ ചെറുതും ഭാരം കുറഞ്ഞതും 25 ശതമാനത്തോളം കൂടുതല്‍ വായു കടത്തിവിടുന്നതുമാണ് ബ്ലുസ്‌നാപ്പ്2 ഹെല്‍മറ്റ് കൂളറെന്ന് കമ്പനി വ്യക്തമാക്കി. ജിഎസ്ടി അടക്കം 2,299 രൂപയാണ് ഇതിന്റെ വിപണി വില.
വലിയ മുറികളില്‍ ഉപയോഗിക്കുന്ന റൂം കൂളിന്റെ അതേ അടിസ്ഥാനത്തിലാണ് ഹെല്‍മറ്റ് കൂളറിന്റെ പ്രവര്‍ത്തനം. ഫുള്‍ഫേസ് ഹെല്‍മറ്റിന്റെ ചിന്‍ ഭാഗത്തായാണ് കൂളര്‍ ഘടിപ്പിക്കുക. ഫാന്‍, എടുത്തുമാറ്റാവുന്ന ഫില്‍റ്റര്‍ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. ഉപയോഗത്തിന് മുമ്പ് 10 സെക്കന്‍ഡ് ഫില്‍റ്റര്‍ വെള്ളത്തില്‍ മുക്കിവയ്ക്കണം. ഹെല്‍മറ്റ് വൈസറിന് ഡീഫോഗിങ് സൗകര്യവും ഇതില്‍ ലഭിക്കും. പൊടിപടലങ്ങള്‍ പൂര്‍ണമായും അകറ്റിയാണ് വായു ഹെല്‍മറ്റിനുള്ളലേക്കെത്തുക. റീചാര്‍ജബിള്‍ ബാറ്ററിയിലാണ് ബ്ലുസ്‌നാപ്പ്2 -ന്റെ പ്രവര്‍ത്തനം. ഫുള്‍ചാര്‍ജില്‍ 10 മണിക്കൂര്‍ സമയം വരെ തുടര്‍ച്ചയായി ഈ ഹെല്‍മറ്റ് കൂളര്‍ പ്രവര്‍ത്തിക്കും.
സാഹചര്യങ്ങള്‍ക്കനുസരിച്ച് ഹെല്‍മറ്റിനുള്ളിലെ താപനില 6-15 ഡിഗ്രി വരെ കുറയ്ക്കാന്‍ ബ്ലുസ്‌നാപ്പ്2 ഹെല്‍മറ്റ് കൂളറിന് സാധിക്കും. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപണി ശൃംഖല വ്യാപിപ്പിക്കാന്‍ വേഗ ഹെല്‍മറ്റുമായി സഹകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം.
Content Highlights; BluArmor BluSnap2 helmet cooler launched at Rs 2,299