വാഹനയാത്രക്കാര്‍ക്ക് പേടിസ്വപ്നമായ 'കറുത്ത ഇടം' (ബ്ലാക്ക് സ്‌പോട്ട്) രാജ്യത്തെ ദേശീയപാതകളില്‍ 5803 എണ്ണം. നിരന്തരം അപകടം നടക്കുന്ന പ്രദേശങ്ങളെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ പട്ടികയിലുള്‍പ്പെടുത്തി നിര്‍ണയിച്ചത്. കേരളത്തിലെ ദേശീയപാതകളില്‍ ബ്ലാക്ക് സ്‌പോട്ട് 243 എണ്ണമുണ്ട്.

മൂന്നുവര്‍ഷത്തിനുള്ളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ അഞ്ച് വലിയ വാഹനാപകടമോ പത്ത് മരണമോ നടന്നിട്ടുള്ള പ്രദേശങ്ങളാണ് ബ്ലാക്ക് സ്‌പോട്ടായി നിര്‍ണയിച്ചത്. 5,167 ബ്ലാക്ക് സ്‌പോട്ടുകളില്‍ അപകടം കുറയ്ക്കാന്‍ താത്കാലിക ക്രമീകരണങ്ങള്‍ അതത് സംസ്ഥാനത്തെ ദേശീയപാതാ വിഭാഗം ഏര്‍പ്പെടുത്തി. നിലവിലുള്ള ബ്ലാക്ക് സ്‌പോട്ടുകള്‍ ഒഴികെയുള്ള 2,923 ഇടത്തെ പ്രശ്‌നങ്ങള്‍ റോഡുകളില്‍ വ്യതിയാനംവരുത്തിയും മറ്റ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും പൂര്‍ണമായും അപകടങ്ങളൊഴിവാക്കി.

ബ്ലാക്ക് സ്‌പോട്ടുകള്‍ ഒഴിവാക്കാന്‍

റോഡ് അടയാളങ്ങളിലെ കൃത്യത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സോളാര്‍ ബ്ലിങ്കറുകള്‍, ആവശ്യമുള്ളിടത്ത് ഫ്‌ലൈഓവര്‍, ഭൂഗര്‍ഭപാത, അനുബന്ധറോഡ് എന്നിവ പരീക്ഷിക്കാം. അതത് സംസ്ഥാനത്തെ സാങ്കേതികവിഭാഗത്തിന്റെ ശുപാര്‍ശയനുസരിച്ചുമാത്രമേ ഇത്തരം നടപടികളുണ്ടാവൂ.

എ.ഐ.എസ്. 125 ആംബുലന്‍സുകളുടെ സേവനത്തിന് കരാര്‍

ടോള്‍ പ്ലാസകള്‍ക്കുസമീപം അടിയന്തരാവശ്യങ്ങള്‍ക്കായി ആംബുലന്‍സ് നിലവില്‍ ചില സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തി. തൊട്ടടുത്ത പ്രദേശത്ത് അപകടങ്ങളുണ്ടായാല്‍ ജീവഹാനിയുണ്ടാകാതെ ഉടന്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇതുകൂടാതെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ദേശീയപാതകളിലുടനീളം സേവനത്തിനായി എ.ഐ.എസ്. 125 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കാന്‍ കരാറൊപ്പിട്ടു.

ബ്ലാക്ക് സ്‌പോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍

തമിഴ്നാട്-748, പശ്ചിമബംഗാള്‍-701, കര്‍ണാടക-551, തെലങ്കാന-485, ആന്ധ്രാപ്രദേശ്-466, മധ്യപ്രദേശ്-303, രാജസ്ഥാന്‍-349, പഞ്ചാബ്-296, കേരളം-243.

രാജ്യത്താകെ ദേശീയപാതകളിലെ ബ്ലാക്ക് സ്‌പോട്ട് അപകടങ്ങള്‍

  • 2018-1,40,843.
  • 2019-1,37,191.
  • 2020-1,16,496.

കേരളത്തില്‍ ദേശീയപാതകളിലെ ബ്ലാക്ക് സ്‌പോട്ട് അപകടങ്ങള്‍

  • 2018-9,161.
  • 2019-9,459.
  • 2020-6,594.

Content Highlights: Black Spots In National Highways; 243 In Kerala Roads