ഫ്രിക്കന്‍ പായലില്‍നിന്ന് ജൈവഡീസല്‍ ഉത്പാദിപ്പിക്കാമെന്ന മലയാളി ഗവേഷകരുടെ കണ്ടെത്തല്‍ ശ്രദ്ധേയമാവുന്നു. എന്‍.ഐ.ടി. സ്‌കൂള്‍ ഓഫ് ബയോടെക്നോളജിയുടെയും മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്മെന്റിന്റെയും കീഴിലാണ് 2018-ല്‍ ആഫ്രിക്കന്‍ പായലും സൂക്ഷ്മ ആല്‍ഗകളും ഉപയോഗിച്ച് ജൈവഡീസല്‍ നിര്‍മിച്ചത്.

നിര്‍മിച്ച ജൈവഡീസല്‍ വിജയകരമായി ഡീസല്‍ എന്‍ജിനുകളില്‍ പരീക്ഷിച്ചെന്ന് ഗവേഷണം നടത്തിയ പെരിന്തല്‍മണ്ണ എം.ഇ.എ. എന്‍ജിനിയറിങ് കോളേജ് എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. എം. മുബാറക് പറഞ്ഞു. ഊര്‍ജക്ഷമതയില്‍ ഡീസലിനു സമാനമാണ് ജൈവഡീസലെന്ന് വ്യക്തമായി. മലിനീകരണവും കുറവാണ്. ഗവേഷണഫലം എല്‍സിവിയര്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജാര്‍ഖണ്ഡ് എന്‍ജിനിയര്‍ പ്രസാദ് ഗുപ്തയെ ജൈവഡീസല്‍ നിര്‍മാണം ചര്‍ച്ചചെയ്യാന്‍ കേരളത്തിലേക്കു ക്ഷണിച്ച സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് കണ്ടെത്തല്‍.

ജൈവഡീസല്‍ ഉത്പാദനം ചെലവേറിയതാണ്. ലാഭകരമാവണമെങ്കില്‍ ഉപയോഗിക്കുന്ന സസ്യങ്ങളില്‍നിന്ന് മറ്റ് ഉത്പന്നങ്ങളും വേര്‍തിരിച്ചെടുക്കണമെന്ന് മുബാറക് പറയുന്നു. ജൈവ ഇന്ധനത്തിനായി സസ്യത്തിലെ ട്രൈഗ്ലിസറേഡ് മാത്രമേ ആവശ്യമുള്ളൂ. ഇതിനുപുറമേ ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സംയുക്തങ്ങള്‍ സസ്യങ്ങളില്‍നിന്ന് വേര്‍തിരിക്കാം. കൂടാതെ ബയോ ഗ്യാസും ബയോഎത്തനോളും നിര്‍മിക്കാം. ഇങ്ങനെയാവുമ്പോള്‍ ജൈവഡീസല്‍ നിര്‍മാണം ലാഭകരമാക്കാനാവും. ഇതിനുള്ള തുടര്‍പഠനം നടക്കേണ്ടതുണ്ട്.

ഡോക്ടറേറ്റ് പഠനത്തിന്റെ ഭാഗമായാണ് മുബാറക് എന്‍.ഐ.ടി.യില്‍ ജൈവഡീസലില്‍ ഗവേഷണം നടത്തിയത്. എന്‍.ഐ.ടി. സ്‌കൂള്‍ ഓഫ് ബയോടെക്നോളജി അസോ. പ്രൊഫ. ഡോ. ടി.വി. സുചിത്ര, മെക്കാനിക്കല്‍ എന്‍ജിനിയറിങ് പ്രൊഫ. ഡോ. എ. ഷൈജ എന്നിവരുടെ സഹായത്തോടെയായിരുന്നു പഠനം. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് (കെ.എസ്.സി.എസ്.ടി.ഇ.) ഗവേഷണത്തിന് സാമ്പത്തിക സഹായം നല്‍കിയത്.

സാധ്യത പരിശോധിക്കും

ബയോഡീസല്‍ നിര്‍മാണം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. എന്‍.ഐ.ടി. ഗവേഷണസംഘം ബന്ധപ്പെട്ടിരുന്നു. അവരുടെ ഗവേഷണത്തിന്റെ സാധ്യതയും പരിശോധിക്കും.

-ഡോ. കെ.പി. സുധീര്‍ (എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, കെ.എസ്.സി.എസ്.ടി.ഇ.)

Content Highlights: Bio diesel from African moss, diesel develop from African moss, NIT School of Bio technology