മൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതിനായി പല തരത്തിലുള്ള അഭ്യാസ പ്രകടനങ്ങളും നമ്മള്‍ കാണാറുണ്ട്. പ്രത്യേകിച്ച് വാഹനം ഉപയോഗിച്ചുള്ള അഭ്യാസങ്ങള്‍. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റാകുന്നതിനായി നിരത്തില്‍ ബൈക്ക് അഭ്യാസം നടത്തി വീഡിയോ ചിത്രീകരിച്ച യുവതികള്‍ക്ക് 'റിവാര്‍ഡ്' നല്‍കിയിരിക്കുകയാണ് പോലീസ്. നിരത്തില്‍ ബൈക്ക് അഭ്യാസം നടത്തുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് നടപടി സ്വീകരിച്ചത്. 

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലായിരുന്നു യുവതികളുടെ അഭ്യാസം. ഒരു യുവതിയെ തോളില്‍ ഇരുത്തി മറ്റൊരു യുവതി ബൈക്ക് ഓടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. പൊതുനിരത്തിലെ ബൈക്ക് അഭ്യാസം, ട്രാഫിക് നിയമങ്ങളുടെ ലംഘനം, ഹെല്‍മറ്റ് ഇല്ലാതെയുള്ള ഡ്രൈവിങ്ങ്, അപകടകരമായ ഡ്രൈവിങ്ങ് തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് യുവതികള്‍ ഓടിച്ച ബൈക്കിന്റെ ഉടമസ്ഥന് 11,000 രൂപ പിഴ ചുമത്തിയിരിക്കുന്നത്. 

ഒരേ നിറത്തിലുള്ള ടി-ഷര്‍ട്ട് ധരിച്ച് ഒരാളുടെ തോളില്‍ മറ്റൊരാള്‍ ഇരുന്നാണ് പൊതുനിരത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നത്. എന്നാല്‍, ഈ അഭ്യാസം നടത്തിയ കൃത്യമായ സ്ഥലം പോലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യുവതികള്‍ ബൈക്കില്‍ ഈ അഭ്യാസം നടത്തുമ്പോള്‍ വഴിയിലൂടെ മറ്റ് വാഹനങ്ങള്‍ പോകുന്നതും ആളുകള്‍ നടന്ന് പോകുന്നതും കാണാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പോലീസ് നടപടി കടുപ്പിക്കാന്‍ തിരുമാനിച്ചത്.

ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് 1000 രൂപ പിഴയും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ നിരത്തില്‍ റേസിങ്ങ് അല്ലെങ്കില്‍ പരീക്ഷണയോട്ടം നടത്തിയതും 5000 രൂപ പിഴയും മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ മൂന്ന്, നാല് എന്നിവ ലംഘിച്ചതിന് 5000 എന്നിങ്ങനെയാണ് പിഴ ഈടാക്കിയിട്ടുള്ളതെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു. എന്നാല്‍, യുവതികള്‍ കോടതിയെ സമീപിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പോലീസ് അറിയിച്ചു.

യുവതികള്‍ ബൈക്കില്‍ അഭ്യാസം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പോലീസ് ചെലാന്‍ അയച്ചിരിക്കുന്നത്. ഇതില്‍ ഓരോ വകുപ്പും അതിനുള്ള പിഴയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. UP 14 EL 7054 എന്ന നമ്പറിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിലായിരുന്നു ഈ യുവതികളുടെ സാഹസിക പ്രകടനം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെയാണ് പോലീസിന്റെ കൈവശവും ലഭിക്കുന്നത്.

Content Highlights: Bike Stunting By Young Ladies; Ghaziabad Police Give Penalty Of Rs 11,000