ബൈക്ക് അഭ്യാസം നടത്തുന്നതിന്റെ ദൃശ്യങ്ങൾ | Photo: Facebook
സ്റ്റേഷനുമുന്നില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ പോലീസിനെ വെല്ലുവിളിച്ച് അഭ്യാസം കാണിക്കുകയും സാമൂഹികമാധ്യമങ്ങളില്‍ ഭീഷണിയോടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാവനാട് വള്ളിക്കീഴ് നഗര്‍ പ്രിയാനിവാസില്‍ നിധേഷിനെ(22)യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വാഹനത്തിന്റെ രജിസ്ട്രേഷനും ഇയാളുടെ ലൈസന്‍സും താത്കാലികമായി റദ്ദാക്കാന്‍ പോലീസ് റിപ്പോര്‍ട്ടുപ്രകാരം കൊട്ടാരക്കര എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. നടപടി തുടങ്ങി. ബൈക്ക് പരവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിനെ വെല്ലുവിളിച്ച് യൂട്യൂബിലിട്ട വീഡിയോ വൈറലായിരുന്നു.
കൊല്ലം-പരവൂര്‍ തീരദേശപാതയില്‍നിന്ന് കഴിഞ്ഞ നാലിന് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ ദിവസമാണ് നമ്പര്‍ പ്ലേറ്റില്ലാത്ത സ്പോര്‍ട്സ് ബൈക്ക് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. പിടികൂടിയത്. പിടികൂടിയ ബൈക്ക് പോലീസുകാരന് സ്റ്റേഷനിലേക്ക് ഓടിച്ചുപോകുന്നതുമുതലുള്ള ദൃശ്യങ്ങള്‍ നിധേഷിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മെബൈലില്‍ പകര്‍ത്തിയിരുന്നു.
ബൈക്ക് സ്റ്റേഷനില്‍നിന്ന് ജാമ്യത്തിലിറക്കിയപ്പോഴാണ് ഒറ്റ ടയറില്‍ ബൈക്ക് ഉയര്‍ത്തി അഭ്യാസം കാട്ടിയ ശേഷം ഓടിച്ചുപോകുന്നതു ചിത്രീകരിച്ചത്. ഭീഷണിയും ചേര്‍ത്താണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. 'അവനെ പിടിക്കാന്‍ ഏമാന്മാര്ക്ക് ഉടല് വിറയ്ക്കും. അവന് നാലാംദിവസം സ്റ്റേഷനില്‍നിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും. പിടിച്ചവനെ ഐസുപെട്ടിയില്‍ കിടത്തും' എന്നിങ്ങനെയായിരുന്നു ഭീഷണി.
ഇത് വൈറലായതോടെ വെല്ലുവിളി വിനയായി. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് സ്റ്റേഷനിലെത്തിയിട്ടും ശ്രദ്ധിച്ചില്ലെന്നത് വീഴ്ചയായി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ചാത്തന്നൂര്‍ എ.സി.പി. വൈ.നിസാമുദ്ദീന്‍ അറിയിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Content Highlights: Bike Rider Held For Challenging Police And Bike Stunting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..