സ്‌കൂട്ടറോടിച്ച കണ്ണനും സുഹൃത്തും | ഫോട്ടോ: മാതൃഭൂമി
കെ.എസ്.ആര്‍.ടി.സി. ബസിനെ കടന്നുപോകാനനുവദിക്കാതെ അപകടകരമായ രീതിയില്‍ സ്‌കൂട്ടറില്‍ യാത്രചെയ്ത യുവാവിനെ കൈയോടെ പിടിച്ച് മോട്ടോര്‍ വാഹന വകുപ്പ്. കൊല്ലം കാവനാട് സ്വദേശി കണ്ണനാണ് ബസിന് മുന്‍പില്‍ സുഹൃത്തിനൊപ്പം അപകടകരമായരീതിയില്‍ സ്‌കൂട്ടറോടിച്ചത്. ഇയാളുടെ ലൈസന്‍സ് പിടിച്ചെടുക്കുകയും റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്‌തെന്ന് ആര്‍.ടി.ഒ. മഹേഷ് പറഞ്ഞു.
സ്‌കൂട്ടര്‍ ശക്തികുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ബസിന് മുന്‍പില്‍ ഇവര്‍ തടസ്സം സൃഷ്ടിച്ച് നീങ്ങുന്നതിന്റെ വീഡിയോ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം.
മലപ്പുറം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റിന് മുന്‍പിലാണ് നീണ്ടകര പാലത്തില്‍ വച്ച് ഇവര്‍ തുടര്‍ച്ചയായി ഹോണടിച്ച് ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്തു കയറിയത്. ഈ സമയം ബസ് സഡന്‍ ബ്രേക്കിട്ടു. അന്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തുടര്‍ന്ന് കൊല്ലം ബൈപ്പാസ് തുടങ്ങുന്ന ആല്‍ത്തറമൂട് ജങ്ഷനിലെ സിഗ്‌നല്‍ വരെ യുവാക്കള്‍ ബസിനു മുന്‍പില്‍ കടന്നുപോകാനനുവദിക്കാതെ യാത്രചെയ്തു.
സിഗ്‌നലിലെത്തിയതോടെ സ്‌കൂട്ടര്‍ ബസിന് കുറുകേ നിര്‍ത്തി ഇറങ്ങി ഡ്രൈവറെ അസഭ്യം പറഞ്ഞു. നീണ്ടകര പാലത്തില്‍ സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവാക്കളുടെ അക്രമം. സംഭവം യാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ പിന്മാറിയത്. തുടര്‍ന്ന് സ്‌കൂട്ടറെടുത്ത് കാവനാട് ജങ്ഷനിലെത്തിയ യുവാക്കള്‍ ഇവിടെവച്ചും ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറഞ്ഞു.
കൊല്ലം ഡിപ്പോയിലെത്തി സംഭവം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉടന്‍ തന്നെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതോടെ വ്യാഴാഴ്ച രാവിലെ തന്നെ സ്‌കൂട്ടറോടിച്ച കണ്ണന്റെ ലൈസന്‍സ് പിടിച്ചെടുത്തു. തുടര്‍നടപടികളുണ്ടാകുമെന്നും കൊല്ലം ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
Content Highlights: Bike rider charged for obstructing KSRTC bus in Kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..