തിസുരക്ഷാ നമ്പര്‍ പ്ലേറ്റ് മടക്കിവെച്ച് പായുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്കും പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം തൃക്കാക്കര ഭാരതമാതാ കോളേജ് പരിസരത്ത് മഫ്തിയിലെത്തി നടത്തിയ വാഹന പരിശോധനയില്‍ രണ്ട് കോളേജ് വിദ്യാര്‍ഥികളുടെ സൂപ്പര്‍ ബൈക്കുകളാണ് പിടികൂടിയത്. പരിശോധനയില്‍ ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റ് മടക്കിവെച്ചതായും കണ്ടെത്തി.

ഇരുചക്ര വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ ഊരിമാറ്റിയും മടക്കിവെച്ചും ഫ്രീക്കന്മാര്‍ പായുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് എറണാകുളം ആര്‍.ടി.ഒ. പി.എം. ഷെബീറിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍. രാജേഷാണ് കോളേജ് പരിസരത്ത് മഫ്തിയിലെത്തി പരിശോധന നടത്തിയത്. 

ഇവരില്‍നിന്ന് പിഴ ഈടാക്കി. റോഡില്‍ വണ്ടി തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് അപകടത്തിന് കാരണമാകാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ വേഷം മാറി പരിശോധനയ്ക്കിറങ്ങിയത്.

നമ്പര്‍ പ്ലേറ്റുകള്‍ ഊരി ബാഗുകളില്‍ സൂക്ഷിക്കുന്നു

നമ്പര്‍ പ്ലേറ്റുകള്‍ വികലമാക്കി വാഹനം നിരത്തിലിറക്കിയവരും കഴിഞ്ഞദിവസം പിടിയിലായിട്ടുണ്ട്. നിയമലംഘനം നടത്താന്‍ യുവാക്കള്‍ മനഃപൂര്‍വം നമ്പര്‍ പ്ലേറ്റുകള്‍ ഊരി ബാഗുകളില്‍ സൂക്ഷിച്ചിട്ടുള്ളതായി പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മറ്റ് നിയമലംഘനങ്ങള്‍ നടത്തുന്നവരും വാഹനത്തിന്റെ നമ്പര്‍ നോക്കി പിടികൂടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റുന്നുണ്ടെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. 

അപകടമുണ്ടായാല്‍ ഈ വാഹനങ്ങളെ ക്യാമറകളുടെ സഹായത്താല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ മറ്റ് കോളേജുകള്‍ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Content highlights; Bike number plates, modifications in number plates, Super Bikes, MVD Kerala