തൃശ്ശൂര്‍: ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ക്കടക്കം പിഴ കര്‍ശനമാക്കിയതോടെ ഹെല്‍മെറ്റ് വിപണി സജീവമായി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള ഹെല്‍മെറ്റിനാണ് ഇപ്പോള്‍ ആവശ്യക്കാരേറെ. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി പതിവിലും ഇരട്ടി കച്ചവടമാണ് ഹെല്‍മെറ്റ് കടകളില്‍ നടക്കുന്നത്.

വില്‍പ്പന തകൃതി

''മൂന്നു ദിവസമായി ഹെല്‍മെറ്റിന് നല്ല കച്ചവടമുണ്ട്. കുട്ടികളുടെ ഹെല്‍മെറ്റിനാണ് ഇപ്പോള്‍ ആവശ്യക്കാരേറെ. സ്ത്രീകള്‍ക്കുള്ള ഹെല്‍മെറ്റ് വാങ്ങിക്കൊണ്ടുപോകുന്നവരും കുറവല്ല''- കുറുപ്പം റോഡിലുള്ള എസ്.ആര്‍. ഹെല്‍മെറ്റ്‌സ് ആന്‍ഡ് സ്‌പെയേഴ്‌സിലെ ജീവനക്കാരന്‍ മഹേന്ദ്ര പറയുന്നു. ''പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റില്ലെങ്കില്‍ രൂപ അഞ്ഞൂറു പോകും, ഇതാകുമ്പോ ഒറ്റത്തവണ എണ്ണൂറല്ലേ ചെലവുള്ളൂ'- ഹെല്‍മെറ്റ് വാങ്ങാനെത്തിയ ഒരാളുടെ ആത്മഗതം.

സ്റ്റഡ്‌സിന്റെ ഹാഫ് ഹെല്‍മെറ്റ് 'ഡ്യൂഡി'ന് 800 രൂപയാണ് വില. അടിപൊളി ഗ്രാഫിക്‌സും ഡബിള്‍ വൈസറുമൊക്കെയുള്ള സ്റ്റഡ്‌സ് 'മാക്‌സി'ന് 2,165 രൂപയാണ് വില. കഴുകി ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.

ഐ.എസ്.ഐ. ഇല്ലാത്തതിനും ആവശ്യക്കാര്‍

ഐ.എസ്.ഐ. മാര്‍ക്കുള്ള ഹെല്‍മെറ്റ് തന്നെയാണ് മിക്കവരും ചോദിച്ചുവരുന്നതെങ്കിലും ഇതില്ലാത്ത ഹെല്‍മെറ്റ് ആവശ്യപ്പെടുന്നവരും ഉണ്ട്. വിലക്കുറവാണ് ഇവരെ ആകര്‍ഷിക്കുന്ന ഘടകം. 300 രൂപ മുതല്‍ ഇത്തരം ഹെല്‍മെറ്റ് ലഭ്യമാണ്.

എന്നാല്‍, ഗുണമേന്മ നിഷ്‌കര്‍ഷിച്ചുകൊണ്ട് ഐ.എസ്.ഐ. ഹെല്‍മെറ്റുകള്‍ തന്നെ വാങ്ങാന്‍ ഉപഭോക്താക്കളോട് നിര്‍ദേശിക്കാറുണ്ടെന്നു പറയുന്നു നന്തിലത്ത് ബില്‍ഡിങ്ങിലെ 'അര്‍ച്ചന സ്‌പെയേഴ്‌സ്' ഉടമ സന്തോഷ് കോടപ്പുള്ളി. ഞായറാഴ്ച 100 ഹെല്‍മെറ്റിനു മുകളില്‍ ചില്ലറയായി മാത്രം ചെലവായി- സന്തോഷ് പറയുന്നു.

വ്യാജനും സുലഭം

പാതയോരങ്ങളില്‍ വ്യാജ ഐ.എസ്.ഐ. മുദ്ര പതിപ്പിച്ച ഹെല്‍മെറ്റുകളും സുലഭമാണ്. സംസ്ഥാനപാതകളുടെ വക്കിലാണ് ഇത്തരത്തിലുള്ള ഹെല്‍മെറ്റ് വില്‍പ്പന തകൃതിയായി നടക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്.) മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്ന സാക്ഷ്യപ്പെടുത്തലാണ് ഐ.എസ്.ഐ. മുദ്ര. പോലീസിനെ ഭയന്നുമാത്രം ഹെല്‍മെറ്റ് ധരിക്കുന്നവര്‍ ഇത്തരം വ്യാജ ഹെല്‍മെറ്റുകള്‍ ധരിച്ചാണ് തടിയൂരുന്നത്. എന്നാല്‍, ഈ ഹെല്‍മെറ്റുകള്‍ യാതൊരുവിധ സുരക്ഷയും ധരിക്കുന്നയാള്‍ക്ക് നല്‍കുന്നില്ല.

താരമായി കുട്ടി ഹെല്‍മെറ്റുകള്‍

നീല, പിങ്ക് നിറങ്ങളിലുള്ള 'കുട്ടി ഹെല്‍മെറ്റു'കള്‍ കണ്ടാല്‍ ആര്‍ക്കും ഒരു ഓമനത്തമൊക്കെ തോന്നിപ്പോകും. ഹെല്‍മെറ്റ് 'കുട്ടി'യാണെങ്കിലും വിലയില്‍ കുറവൊന്നുമില്ല. ചുവപ്പ്, മഞ്ഞ, പിങ്ക്, കറുപ്പ് അങ്ങനെ പല നിറങ്ങളിലുമുള്ള 'വേഗ'യുടെ കുട്ടി ഹെല്‍മെറ്റുകള്‍ക്ക് 998 രൂപയാണ് വില.

കുട്ടി ഹെല്‍മെറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് എന്നു തന്നെയാണ് 'റൈഡേഴ്‌സ്' ഉടമ ജയശ്രീയും പറയുന്നത്. 540 മുതല്‍ 550 എം.എം. വ്യാസമുള്ളവയാണ് കുട്ടി ഹെല്‍മെറ്റുകള്‍. മുതിര്‍ന്നവരുടേത് 580 മുതല്‍ 600 വരെ പോകും.

Content Highlights; big demand for child helmets, helmet market