കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ പുറത്തിറക്കി. ആധുനിക സൗകര്യങ്ങളോടെയുള്ള കാരവന്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്നാണ് പുറത്തിറക്കിയത്.

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അടുക്കള, ഷവര്‍ സൗകര്യമുള്ള കുളിമുറി, കിടപ്പുമുറി സൗകര്യങ്ങളാണ് കാരവനിലുള്ളത്. മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു. പ്രത്യേക സുരക്ഷാ ആവരണത്തോടുകൂടിയ ഔട്ട്ഡോര്‍ സീറ്റിങ് ആണ് മറ്റൊരു ആകര്‍ഷണം.

Caravan
ഭാരത്ബെന്‍സ് കാരവന്‍ | ഫോട്ടോ: മാതൃഭൂമി

രജിസ്റ്റര്‍ ചെയ്ത കാരവനുകള്‍ക്ക് പ്രത്യേക ലോഗോ അനുവദിക്കും. അനാവശ്യ പരിശോധനകളില്‍നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കും.

ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാനും എം.ഡി.യുമായ കെ.ജി. മോഹന്‍ലാല്‍, ഡയംലര്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് വൈസ് പ്രസിഡന്റ് രാജാറാം കൃഷ്ണമൂര്‍ത്തി, ഓട്ടോബാന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് വി.കെ. അരുണ്‍ എന്നിവര്‍ സംബന്ധിച്ചു.

Content Highlights: Bharath Benz Launch New Luxury Caravan For Kerala Government Caravan Tourism Project