ന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കുന്ന നടപടികളുമായി കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി വരുന്നു. 2020 പകുതിയോടെ ബി.എസ്. 4 വാഹനങ്ങളുടെ ഉത്പാദനവും രജിസ്ട്രേഷനും നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദേദഗതിയിലുള്‍പ്പെടുത്തും. 

ഇതു സംബന്ധിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയുള്ള വിജ്ഞാപനത്തിന്റെ കരടുരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കരടുരേഖ പ്രകാരം രാജ്യത്ത് ബി.എസ്. 4 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ 2020 ജൂണ്‍ 30- ഓടെ അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2020 ഏപ്രില്‍ ഒന്നിനു മുന്‍പ് പുറത്തിറക്കിയ ബി.എസ്. 4 കംെപ്ലയിന്റ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ജൂണ്‍ മുപ്പതാണ്. ഏപ്രില്‍ ഒന്നിനു മുന്‍പ് പുറത്തിറക്കിയ ബി.എസ്. 4 ചരക്കു വാഹനങ്ങളും പൊതുഗതാഗത വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2020 സെപ്റ്റംബര്‍ 30 ആണ്. ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. 

ഇതിനു മുന്നോടിയായി ഓഹരി ഉടമകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദേശങ്ങള്‍ സ്വീകരിക്കും. 2017 ഡിസംബര്‍ 20-നു മുന്‍പ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാം. നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും. 

ബി.എസ്. 5 എന്ന നിലവാരം ഏര്‍പ്പെടുത്താതെയാണ് 2020-ഓടെ ബി.എസ്. 6 നിലവാരത്തിലെ ഇന്ധനത്തിലേക്ക് രാജ്യം മാറുന്നതെന്നതും ശ്രദ്ധേയമാണ്. 2010-ലാണ് ബി.എസ്. 4 നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് ലഭ്യമായിത്തുടങ്ങിയത്. പൂര്‍ണമായും ബി.എസ്. 4 നിലവാരത്തിലെ ഇന്ധനം ലഭ്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നിരിക്കെ 2020-ഓടെ ബി.എസ്. 6 ഇന്ധനമെത്തിക്കുന്നത് സര്‍ക്കാരിനും എണ്ണ കമ്പനികള്‍ക്കും വന്‍ ബാധ്യതയാകുമെന്നാണ് വിലയിരുത്തല്‍. 2018 ഏപ്രില്‍ ഒന്നോടെ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ബി.എസ്. 6 നിലവാരത്തിലെ ഇന്ധനം എത്തിത്തുടങ്ങുമെന്നാണ് സൂചന. 

എന്താണ് ബി.എസ്.?

ഇന്ത്യയിലെ മോട്ടാര്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മലിനീകരണ മാനദണ്ഡ നിലവാര പരിധിയാണ് ബി.എസ്. അഥവാ ഭാരത് സ്റ്റേജ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ വിഷ പദാര്‍ത്ഥങ്ങളുടെ അളവു സംബന്ധിച്ച മാനദണ്ഡമാണിത്. ദിവസേന ഉയര്‍ന്നു കൊണ്ടിരിക്കുന്ന മലിനീകരണത്തോത് കുറയ്ക്കാനാണ് ഭാരത് സ്റ്റേജ് 2000 മുതല്‍ ഇന്ത്യയിലും ഏര്‍പ്പെടുത്തിയത്. 

Content Highlights: Bharat Stage 6 Emission Norms Coming in 2020 Apri 1